മുംബൈ: പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ കാമുകനെ വീട്ടുകാര്‍ വെടിവച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ ആഞ്ചലിന്റെ വീട്ടുകാര്‍ വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. സാക്ഷം ടേറ്റിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ആഞ്ചല്‍, ടേറ്റിന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടില്‍ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.
സഹോദരന്‍മാര്‍ വഴിയാണ് ആഞ്ചല്‍ സാക്ഷം ടേറ്റിനെ പരിചയപ്പെട്ടത്. വീട്ടിലെ പതിവു സന്ദര്‍ശനങ്ങളിലൂടെ അവര്‍ കൂടുതല്‍ അടുത്തു. മൂന്നു വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ജാതി വ്യത്യാസത്തെ ചൊല്ലി ആഞ്ചലിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. നിരവധി ഭീഷണികള്‍ ഉണ്ടായിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ആഞ്ചല്‍ ടേറ്റിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു. അവര്‍ ടേറ്റിനെ മര്‍ദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകര്‍ത്തു. ടേറ്റിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ ആഞ്ചല്‍ അവന്റെ വീട്ടിലെത്തി. കാമുകന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തിയശേഷം അവളുടെ നെറ്റിയില്‍ സിന്ദൂരം തേച്ചു. ഇനിയുള്ള കാലം മുഴുവന്‍ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ താമസിക്കുമെന്നും പ്രഖ്യാപിച്ചു.