'ലവ് ജിഹാദ് പ്രചാരണം' പരാതികള്‍ അറിയിക്കാന്‍ നോട്ടിസ് പതിച്ച് സര്‍വകലാശാല
ലഖ്‌നോ: വനിതാ ഡോക്ടറെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന പരാതിക്ക് പിന്നാലെ കാംപസില്‍ പ്രത്യേക നോട്ടിസ് പതിച്ച് ലഖ്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി. സമാനമായ പരാതികളുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് പതിച്ചത്. യൂണിവേഴ്‌സിറ്റി ഡീന്‍, സീനിയര്‍ പ്രഫസര്‍, മുന്‍ ഡിജിപി ഭവേഷ് സിങ് തുടങ്ങിയവര്‍ അടങ്ങുന്ന അന്വേഷണ സമിതി ഇത്തരം പരാതികള്‍ പരിശോധിക്കുമെന്നാണ് നോട്ടിസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
യൂണിവേഴ്‌സിറ്റിയിലെ പത്തോളജി ജൂനിയര്‍ റെസിഡന്റായിരുന്ന ഡോ. റമീസുദ്ദീന്‍ നായിക്കിനെതിരെയാണ് വനിതാ ഡോക്ടര്‍ പരാതി ഉന്നയിച്ചിരുന്നത്. വിവാഹ വാഗ്ദാനം നല്‍കി മതം മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. കേസിന് പിന്നാലെ റമീസുദ്ദീന്‍ മാറി നില്‍ക്കുകയാണ്. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള നിയമനടപടികള്‍ക്കാണ് ഡോ. റമീസുദ്ദീന്‍ ശ്രമിക്കുന്നത്. അതിനിടെ ജനുവരി അഞ്ചിന് അദ്ദേഹത്തിന്റെ പിതാവിനെയും മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഡോ. റമീസുദ്ദീനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ നിരവധി സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചതായി പോലിസ് അറിയിച്ചു.