പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ നഷ്ടപ്പെട്ട സംഭവം ദുരൂഹം: കൃഷ്ണന്‍ എരഞ്ഞിക്കല്‍
കൊച്ചി: പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നഷ്ടപ്പെട്ടത് ദുരൂഹവും പ്രതിഷേധാര്‍ഹവുണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം എന്ന പേരില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടര്‍മാരെ ആശങ്കപ്പെടുത്തുകയും അനേകം പേരെ പട്ടികയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പട്ടികയില്‍ നിന്നും പുറത്തായവര്‍ പേര് ഉള്‍പ്പെടുത്തുന്നതിന് വില്ലേജുകളില്‍ ഹിയറിങ് ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ നടപടികള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ നഷ്ടപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. ജോലിത്തിരക്കിനിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് പ്രവാസികള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം അപേക്ഷകള്‍ നഷ്ടപ്പെട്ടു എന്ന വിശദീകരണം വിശ്വസിക്കാന്‍ കഴിയുന്നതല്ല. പരിമിതമായ ദിവസങ്ങള്‍ മാത്രമാണ് പുതിയ വോട്ടുചേര്‍ക്കല്‍ അപേക്ഷയ്ക്ക് ബാക്കിയുള്ളത് എന്നിരിക്കെ ഇപ്പോള്‍ പുറത്തുവരുന്ന വിവരം പ്രവാസി വോട്ടര്‍മാരില്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. വോട്ടുചോരിയിലൂടെ ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ സമ്മതിദാനാവകാശം നിഷേധിക്കുകയും കൃത്രിമമായി വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്ത സംഭവം നമ്മുടെ മുന്നിലുണ്ട്. ഈ ഘട്ടത്തില്‍ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.