മുസ്‌ലിം യുവാവിനെ പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി ജയ് ശ്രീരാം മുദ്രാവാക്യം വിളിപ്പിച്ചു

Update: 2025-11-30 04:24 GMT

ഭുവനേശ്വര്‍: പശ്ചിമ ബംഗാള്‍ സ്വദേശിയായ മുസ്‌ലിം യുവാവിന് നേരെ ഹിന്ദുത്വ ആക്രമണം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ റാണിപാദ ഗ്രാമത്തില്‍ നവംബര്‍ 24നാണ് സംഭവം. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ രാഹുല്‍ ഇസ്‌ലാമാണ് ആക്രമണത്തിന് ഇരയായത്. ശീതകാലത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് രാഹുല്‍ ഇസ്‌ലാം ചെയ്തിരുന്നത്.

നവംബര്‍ 24ന് റാണിപാദ ഗ്രാമത്തില്‍ എത്തിയപ്പോള്‍ ഹിന്ദുത്വര്‍ രാഹുല്‍ ഇസ്‌ലാമിനെ തടഞ്ഞു. ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ അത് കാണിച്ചു നല്‍കി. എന്നാല്‍, ആധാര്‍ വ്യാജമാണെന്ന് പറഞ്ഞ് തടഞ്ഞുവച്ചു. ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, രാഹുല്‍ ഇസ്‌ലാം അത് നിരസിച്ചു. പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഹിന്ദുത്വ സംഘം ഭീഷണിപ്പെടുത്തിയതോടെ മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിതനായി. തന്റെ മറ്റു രണ്ടു സുഹൃത്തുക്കള്‍ നവംബര്‍ 25നും 26നും ഗജപതിയിലും ഗഞ്ചമിലും ആക്രമണത്തിന് ഇരയായതായും രാഹുല്‍ ഇസ്‌ലാം പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഒഡീഷ ഡിജിപിക്ക് പരാതി നല്‍കി.