വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനെതിരേ ലുക്കൗട്ട് നോട്ടീസ്

Update: 2025-09-08 12:27 GMT

തിരുവനന്തപുരം: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതി വിപഞ്ചിക മണിയനും(33) ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. യുഎഇയില്‍ താമസിക്കുന്ന ഇയാളെ ചോദ്യം ചെയ്യാനായി കേരളത്തിലെത്തിക്കാനാണ് നീക്കം. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായിരുന്ന നിതീഷ് ഇപ്പോഴും യുഎഇയില്‍ തന്നെയാണുള്ളത്.

കഴിഞ്ഞ ജൂലൈ 8നാണ് ഷാര്‍ജയിലെ അല്‍ നഹ്ദയിലുള്ള അപ്പാര്‍ട്‌മെന്റില്‍ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക, വൈഭവി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ വീട്ടുജോലിക്കാരി അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയും അമ്മ തൂങ്ങിമരിച്ചുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. നിതീഷ് മറ്റൊരു സ്ഥലത്തായിരുന്നു താമസം. കുട്ടിയുടെ മൃതദേഹം ജബല്‍ അലിയിലെ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. വിപഞ്ചികയുടെ മൃതദേഹം അവരുടെ കുടുംബം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. വിപഞ്ചികയുടെ അമ്മ ഷൈലജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിതീഷിനും അച്ഛനും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. വിപഞ്ചികയുടെ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് അന്വേഷണം വിപുലീകരിക്കാനാണ് കേരള പോലിസിന്റെ തീരുമാനം. വിപഞ്ചികയുടെ വീട്ടുജോലിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. വിപഞ്ചികയുടെ ലാപ്‌ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. ഫെയ്‌സ്ബുക്കില്‍ ഇവര്‍ എഴുതിയ കുറിപ്പിന്റെ ഒറിജിനല്‍ പതിപ്പ് ലാപ്‌ടോപ്പില്‍ ഉണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.