പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോല്‍സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കും: അഞ്ച് കോടി വകയിരുത്തി
തിരുവനന്തപുരം: പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. അന്താരാഷ്ട്ര ജിസിസി കോണ്‍ക്ലേവ് നടത്താന്‍ രണ്ടു കോടി രൂപ വകയിരുത്തി. ഈ വര്‍ഷം ഈ പരിപാടി നടക്കും. 2024ലെ കണക്ക് അനുസരിച്ച് പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ കണക്കില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി പറഞ്ഞു. 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികള്‍ സംഭാവന ചെയ്യുന്നത്. എല്ലാത്തരം പ്രവാസത്തെയും കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് സമീപനം തിരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോള്‍ കേരളീയര്‍ വിദേശത്ത് ഒട്ടും നല്ലതല്ലാത്ത സാഹചര്യത്തില്‍ പണിയെടുക്കുന്ന സ്ഥിതിയുണ്ട്. പ്രവാസം ഒട്ടേറെപ്പേര്‍ക്ക് വലിയ നഷ്ടക്കച്ചവടമായി തീരുന്ന അനുഭവമുണ്ട്. വിദേശത്തെ തൊഴില്‍ കമ്പോളത്തെ കുറിച്ച് ശരിയായ രീതിയിലുള്ള അറിവില്ലാതെയുള്ള കുടിയേറ്റമാണ് ഇതിനു കാരണം. വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.