കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. വള്ളിയായി സ്വദേശി ശ്രീധരന്‍(70) മരിച്ച സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് ഇത്.
ഇന്ന് രാവിലെയാണ് സ്വന്തം കൃഷിയിടം നനച്ചുകൊണ്ടിരിക്കുകയായിരുന്നു ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രശ്‌നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നുമാണ് ശ്രീധരന്റെ മരണത്തില്‍ വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം. വനംവകുപ്പിന്റെ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സിസിഎഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.