''തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മുന്നോട്ടുപോകാം''; സിപിഐയെ സ്വാഗതംചെയ്ത് അടൂര്‍ പ്രകാശ്

Update: 2025-10-24 07:06 GMT

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐ. വരുന്ന തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മുമ്പോട്ട് പോകണം എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

സിപിഐയില്‍ ഒരു വിള്ളല്‍ ഉണ്ടായിട്ടുണ്ട്. യുഡിഎഫുമായി സിപിഐ സഹകരിച്ചു പോകണം എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ തന്റെ അഭിപ്രായം. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളോടൊപ്പം സഹകരിക്കണമെന്ന് യുഡിഎഫ് കണ്‍വീനറായി വന്ന നാള്‍ മുതല്‍ ഞാന്‍ പറയുന്നുണ്ട്. സി അച്യുതമേനോന്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി വന്നത് യുഡിഎഫുമായി സഹകരിച്ച കാലഘട്ടത്തിലാണ്. സിപിഐ യുഡിഎഫുമായി സഹകരിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ മുമ്പോട്ട് പോകണം എന്നതാണ് വ്യക്തിപരമായ അഭിപ്രായം- അടൂര്‍ പ്രകാശ് പറഞ്ഞു. സിപിഐയുമായി പലവട്ടം ചര്‍ച്ച നടന്നെന്നും തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.

ആര്‍ജെഡി ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യുന്നു. മീനാങ്കല്‍ കുമാര്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നും ഒരുപാട് പേര്‍ യുഡിഎഫിലെത്തും. അവരെ സ്വീകരിക്കാന്‍ മഹാസമ്മേളനം തന്നെ നടത്തും. സിപിഐ വന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കേണ്ടതുണ്ട്. അത് നേതൃത്വവുമായി കൂട്ടായി ആലോചിച്ച് ചര്‍ച്ചചെയ്ത് തീരുമാനങ്ങള്‍ കൊക്കൊള്ളും. സിപിഐ നേതാവ് മീനാങ്കല്‍ കുമാര്‍ പത്രസമ്മേളനം നടത്തുന്നുണ്ട്. അതിന് ശേഷം അദ്ദേഹം തങ്ങളെ കാണാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കെപിസിസി ഓഫീസിലേക്ക് എത്തിച്ചേരാം എന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.