ഇസ്രായേലി ചാരന്‍മാരെ പിടികൂടി ലബ്‌നാന്‍; 65 ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു
ബെയ്‌റൂത്ത്: ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തുകയും ആക്രമണങ്ങള്‍ക്ക് പദ്ധതി ഇടുകയും ചെയ്ത സംഘത്തെ അറസ്റ്റ് ചെയ്‌തെന്ന് ലബ്‌നാന്‍ സര്‍ക്കാര്‍. ഈ സംഘത്തില്‍ നിന്നും 65 ലക്ഷം ലഹരി ഗുളികകളും 700 കിലോഗ്രാം ഹഷീഷും പിടിച്ചെടുത്തെന്ന് ആഭ്യന്തരമന്ത്രി അഹമഗദ് ഹജ്ജാര്‍ പറഞ്ഞു. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2024ലെ ഇസ്രായേലി അധിനിവേശകാലത്ത് ഈ ചാരന്‍മാര്‍ ഇസ്രായേലിനെ സഹായിച്ചിരുന്നു. ബെയ്‌റൂത്ത് തുറമുഖം വഴി സൗദി അറേബ്യയിലേക്ക് കടത്താനുള്ളതായിരുന്നു ലഹരിവസ്തുക്കള്‍. ഈ ഓപ്പറേഷനില്‍ സിറിയ, സൗദി അറേബ്യ, തുര്‍ക്കി, ആസ്‌ത്രേലിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ സഹായം ലഭിച്ചതായും ആഭ്യന്തരമന്ത്രി മന്ത്രി പറഞ്ഞു.
ലഹരി വസ്തുക്കള്‍ നിര്‍മിക്കാനുള്ള നിരവധി രഹസ്യകേന്ദ്രങ്ങള്‍ ഇസ്രായേലി ചാരന്‍മാര്‍ ലബ്‌നാനില്‍ നടത്തുന്നു. അവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കും. ഇറാനിലും സമാനമായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മുമ്പ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നടത്തിയിരുന്ന ഓപ്പറേഷനുകള്‍ക്ക് സമാനമായ ഓപ്പറേഷനുകളാണ് മൊസാദും നടത്തുന്നത്.