'ഇറാന്‍ വിടൂ'; പൗരന്മാരോട് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് പോകരുതെന്ന് യുഎസ്

Update: 2026-02-06 05:07 GMT

യുഎസ് പൗരന്‍മാരോട് ഉടന്‍ ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി. വര്‍ദ്ധിച്ചുവരുന്ന യുദ്ധ ഭീഷണിയും അപകട സാധ്യതകളും മുന്നില്‍ കണ്ട് ഇറാന്‍ വിടാനും ഇറാന്‍ അതിര്‍ത്തികളില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറാനും നിര്‍ദേശം നല്‍കി. റോഡ് അടച്ചിടല്‍, പൊതുഗതാഗതം നിര്‍ത്തലാക്കല്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ നെറ്റ്വര്‍ക്ക് നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വ്യാപകമായ സുരക്ഷാ നടപടികള്‍ മുന്നറിയിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പല വിമാനക്കമ്പനികളും ഇറാനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങള്‍ റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് വിമാന യാത്രാ മാര്‍ഗങ്ങളെ സാരമായി ബാധിക്കുന്നു.

'ഇറാന്‍ വിടൂ' എന്ന് അലേര്‍ട്ട് പറയുന്നു, 'യുഎസ് ഗവണ്‍മെന്റിന്റെ സഹായത്തെ ആശ്രയിക്കാതെ ഇറാനില്‍ നിന്ന് പുറത്തുപോകാനുള്ള ഒരു പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം.

യുഎസ് ഗവണ്‍മെന്റും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ശത്രുത കാരണം, അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ ഹാജരാക്കുമ്പോഴോ യുഎസ് ബന്ധം കാണിക്കുമ്പോഴോ, യുഎസ് പൗരന്മാര്‍ ഏകപക്ഷീയമായ ചോദ്യം ചെയ്യല്‍, അറസ്റ്റ്, ദീര്‍ഘകാല തടങ്കല്‍ എന്നിവ നേരിടേണ്ടി വരുന്നു. യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഇരട്ട ദേശീയതയെ അംഗീകരിക്കുന്നില്ല. ഇത് ഇരട്ട യുഎസ്-ഇറാന്‍ പൗരന്മാരെ അധിക അപകടസാധ്യതയിലാക്കുന്നു. ഇരട്ട പൗരത്വമുള്ള ആളുകള്‍ രാജ്യം വിടുമ്പോള്‍ അവരുടെ ഇറാനിയന്‍ പാസ്പോര്‍ട്ട് മാത്രം ഉപയോഗിക്കാന്‍ മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.

യുഎസ് പൗരന്മാര്‍ക്ക് കര അതിര്‍ത്തികളിലൂടെ റോഡുകള്‍ ഉപയോഗിച്ച് ഇറാന്‍ വിടുന്നത് പരിഗണിക്കാനും അവരുടെ യാത്രാ മാര്‍ഗങ്ങള്‍ തയ്യാറാക്കാനും നിര്‍ദേശം നല്‍കി.

തുര്‍ക്ക്‌മെനിസ്ഥാന്റെ ഇറാനുമായുള്ള കര അതിര്‍ത്തികള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ അതിര്‍ത്തിയിലെത്തുന്നതിന് മുമ്പ് യുഎസ് പൗരന്മാര്‍ക്ക് തുര്‍ക്ക്‌മെനിസ്ഥാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി. അസര്‍ബൈജാന്റെ ഇറാനുമായുള്ള കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ, ഇറാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കോ യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാരെ ഉപദേശിച്ചു. ജനുവരി മുതല്‍ യുഎസ് പൗരന്മാര്‍ക്ക് ഇറാന്‍ വിടാനുള്ള നിര്‍ദ്ദേശം നിലവിലുണ്ട്.