''എന്‍എസ്എസുമായി എസ്എന്‍ഡിപിയെ തെറ്റിച്ചത് ലീഗ്'': വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ഹിന്ദു വിഭാഗങ്ങള്‍ ഐക്യത്തിന്റെ പാതയില്‍ സഞ്ചരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള കൂട്ടായ്മ അനിവാര്യമാണ്. ഹിന്ദുവിഭാഗങ്ങള്‍ ഭിന്നിച്ച് നില്‍ക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ''ഞങ്ങളെ എന്‍എസ്എസുമായി തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ അകറ്റിയതും ഈ പണിയെല്ലാം ചെയ്തതും ലീഗാണ്. അവഗണനകള്‍ മാത്രമാണ് യുഡിഎഫ് ഭരണത്തില്‍ നേരിട്ടത്. ഞാനൊരു മുസ്‌ലിം വിരോധിയല്ല. മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ച് എന്നെ വര്‍ഗീയവാദിയാക്കി. ഞാന്‍ മുസ്‌ലിം സമുദായത്തെ സഹോദരതുല്യം സ്‌നേഹിക്കുന്നു. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ സ്വഭാവത്തെയാണ് എതിര്‍ക്കുന്നത്. എല്‍ഡിഎഫ് വന്നശേഷം ഇവിടെയൊരു മാറാട് കലാപം ഉണ്ടായിട്ടില്ല.
ഇന്നലെ പൂത്ത തകരയാണ് വി ഡി സതീശനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സതീശനെ പരസ്യമായി താക്കീത് ചെയ്താണ് കാന്തപുരം സംസാരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടല്ലോ. എ കെ ആന്റണിയും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഉണ്ടല്ലോ. വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണെന്ന് അവര്‍ പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കാം. സതീശന്‍ ജനിക്കും മുന്‍പ് എന്റെ അച്ഛന്‍ എന്റെ സഹോദരിക്ക് ഇംഗ്ലണ്ടില്‍ നിന്നാണ് കാര്‍ വാങ്ങിക്കൊടുത്തത്. ഈ പറയുന്ന ആളിന് രാഷ്ട്രീയത്തില്‍ വരും മുന്‍പ് എന്ത് ആസ്ഥിയുണ്ടായിരുന്നു ? ഈഴവര്‍ക്ക് എതിരെയാണ് എന്നും സംസാരിക്കുന്നത്. ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും നടക്കില്ല. എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ ശ്രമിച്ചവരൊക്കെ സ്വയം നശിച്ചിട്ടേയുള്ളൂ.
എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചാല്‍ ഈ രാജ്യത്ത് സൂനാമി സംഭവിക്കുമോ? യോജിക്കേണ്ടവര്‍ യോജിച്ചേ തീരൂ. സമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന അവസ്ഥയിലേക്ക് അത് എത്തി. ഞങ്ങളുടെ ദൗത്യം അതാണ്. യഥാര്‍ഥ വര്‍ഗീയവാദികളെ കൂടെ നിര്‍ത്തിയിട്ട് ഞങ്ങളെ വര്‍ഗീയവാദിയാക്കുകയാണ്. യുഡിഎഫിന് ഞങ്ങളാരും എതിരല്ല. കോണ്‍ഗ്രസിന് കേരളത്തില്‍ പ്രസക്തി ഇല്ലാതെ പോയതിന് ഞാനല്ല കാരണക്കാരന്‍. ലീഗ് പറയുന്നത് അനുസരിച്ച് ചാടികളിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഇന്ന് മുസ്ലിംകളെ ഭയന്നാണ് കേരളത്തില്‍ ക്രിസ്ത്യാനികള്‍ താമസിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആ ദുരിതവും ദുഖവും അനുഭവിക്കുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് ആളുകള്‍ ഒന്നിച്ചു പോകണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചപ്പോള്‍ അത് തങ്ങള്‍ സ്വാഗതം ചെയ്തു. എങ്ങനെ യോജിച്ചു പോകണമെന്നതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

