തെഹ്‌റാന്‍: യുഎസിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി കലാപം നടത്തുന്നവരെ ശക്തമായി നേരിടുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. ട്രംപിനെ സന്തോഷിപ്പിക്കാന്‍ ചിലര്‍ പൊതുമുതല്‍ നശിപ്പിക്കുകയാണ്. കലാപകാരികളോട് ഇറാന്‍ പ്രത്യേക രീതിയില്‍ പെരുമാറിയാല്‍ കലാപകാരികള്‍ക്ക് പിന്തുണ നല്‍കുമെന്ന യുഎസിന്റെ പ്രസ്താവനയാണ് ഇതിന് കാരണം. അനുഭവസമ്പത്തില്ലാത്തതും ചിന്താശേഷിയില്ലാത്തവരുമായ ചിലര്‍ ട്രംപിനെ വിശ്വസിച്ചു. അവരാണ് മാലിന്യക്കുപ്പകള്‍ക്ക് തീയിടുന്നത്. അത് ട്രംപിനെ സന്തോഷിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. ആയിരക്കണക്കിന് പേരുടെ രക്തസാക്ഷിത്വത്തിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക്ക് സ്ഥാപിച്ചത്. നശീകരണവും വൈദേശിക അടിമത്തവും ആ ഇറാന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കലാപകാരികള്‍ക്കെതിരെ ഇന്നലെ ഇറാനികള്‍ തെരുവില്‍ ഇറങ്ങി. വൈദേശിക പിന്തുണയുള്ള കലാപകാരികളെ ഒറ്റപ്പെടുത്തണമെന്നായിരുന്നു ആവശ്യം.