ഇസ്രായേലിന്റെ യുദ്ധക്കുറ്റ അന്വേഷണം തടയാന്‍ വ്യാപകശ്രമം നടക്കുന്നതായി ലി മോണ്ട് പത്രം; പ്രോസിക്യൂട്ടര്‍ കരീം ഖാനെ പീഡനക്കേസില്‍ കുടുക്കാനും ശ്രമം
പാരിസ്: ഗസയിലെ യുദ്ധക്കുറ്റത്തില്‍ നിന്നും ഇസ്രായേലി രാഷ്ട്രീയ-സൈനിക നേതൃത്വത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരേ(ഐസിസി) വ്യാപക നീക്കങ്ങള്‍ നടക്കുന്നതായി ഫ്രാന്‍സിലെ പ്രശസ്തമായ ലി മോണ്ട് പത്രം. ഇസ്രായേലിന്റെയും യുഎസിന്റെയും നേതൃത്വത്തില്‍ ഉപരോധം, ഭീഷണികള്‍, ഇന്റലിജന്‍സ് ഇടപെടലുകള്‍ തുടങ്ങിയ നടക്കുന്നതായി ലി മോണ്ടിലെ റിപോര്‍ട്ട് പറയുന്നു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുദ്ധമന്ത്രിയായിരുന്ന യോവ് ഗാലന്റ് എന്നിവര്‍ക്കെതിരായ നടപടികള്‍ തടയുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം.
ഐസിസിയുടെ മുഖ്യ പ്രോസിക്യൂട്ടറും ബ്രിട്ടീഷുകാരനുമായ കരീം ഖാനും നാലു ജഡ്ജിമാര്‍ക്കുമെതിരേ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2024ലെന്ന് കോടതിയില്‍ ഫലസ്തീന്‍ കേസ് നടത്തിയിരുന്ന ആന്‍ഡ്രൂ കേയ്‌ലീ ലി മോണ്ടിനോട് പറഞ്ഞു. തന്നെ ഇസ്രായേലിന്റെ ശത്രുവായി പ്രഖ്യാപിച്ച് ഭീഷണികള്‍ വന്നെന്നും യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം സ്ഥാനമൊഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് 2024 മാര്‍ച്ചില്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കരീം ഖാനെതിരേ ആക്രമണങ്ങള്‍ ആരംഭിച്ചു. ഇരുവര്‍ക്കും എതിരേ നടപടികള്‍ സ്വീകരിച്ചാല്‍ യുകെ ഐസിസിയില്‍ നിന്ന് പിന്‍മാറുമെന്നാണ് യുകെ ഫോറിന്‍ സെക്രട്ടറിയായിരുന്ന ഡേവിഡ് കാമറോണ്‍ കരീം ഖാനെ വിളിച്ചുപറഞ്ഞത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജാക്ക് സള്ളിവനും ഇക്കാര്യം പറഞ്ഞ് കരീം ഖാനെ വിളിച്ചു. യൂറോപ്പില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥും ഇക്കാര്യം ആവശ്യപ്പെട്ടു. കരീം ഖാന്‍, പശ്ചിമേഷ്യയിലെ സമാധാനം ഇല്ലാതാക്കുകയാണെന്നും ജൂതത്തടവുകാരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്നുമാണ് പാശ്ചാത്യര്‍ ആരോപിച്ചത്. കരീം ഖാന്റെ യുഎസ് ഉപദേഷ്ടാവായ തോമസ് ലിഞ്ചും കരീം ഖാനെതിരെ നിലപാട് സ്വീകരിച്ചു. ഇതോടെ ഫലസ്തീനിലെ ഇസ്രായേലി യുദ്ധക്കുറ്റങ്ങളുടെ അന്വേഷണം അവതാളത്തിലായി.
2024 മേയ് ഒന്നിന് ഐസിസിയിലെ ഇസ്രായേലിന്റെ അഭിഭാഷകനായ നിക്കോളാസ് കൗഫ്മാന്‍ കരീം ഖാനെ ഹേഗില്‍ വച്ചുകണ്ടു. നെതന്യാഹുവിന്റെ നിയമോപദേഷ്ടാവായ റോയ് ഷോണ്ടോര്‍ഫിനെ കണ്ട ശേഷമാണ് നിക്കോളാസ് കരീം ഖാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. അറസ്റ്റ് വാറന്റിന്റെ കാര്യം രഹസ്യമാക്കി വയ്ക്കണമെന്നാണ് അഭിഭാഷകന്‍ കരീം ഖാനോട് ആവശ്യപ്പെട്ടത്. കേസുമായി മുന്നോട്ടുപോവുന്നത് കരീം ഖാനെ വ്യക്തിപരമായി നശിപ്പിക്കുമെന്നും ഐസിസിയെ ഇല്ലാതാക്കുമെന്നും ഇസ്രായേലി അഭിഭാഷകന്‍ കരീം ഖാനെ ഭീഷണിപ്പെടുത്തി.
ഈ കൂടിക്കാഴ്ച്ച കഴിഞ്ഞ് പത്തുദിവസത്തിന് ശേഷമാണ് യുഎസിലെ വാള്‍സ്ട്രീറ്റ് ജേണല്‍ കരീം ഖാനെതിരേ ലൈംഗിക പീഡന പരാതിയുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. ആരോപണം ഖാന്‍ നിഷേധിച്ചു. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന സ്ത്രീ പരാതിയും നല്‍കിയില്ല. എന്നാലും മുഖ്യ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്നും താല്‍ക്കാലികമായി മാറി നില്‍ക്കാന്‍ ഐസിസി പ്രസിഡന്റ് ടോമോക്കോ അകാനെ കരീം ഖാനോട് ആവശ്യപ്പെട്ടു.
കരീം ഖാനെ സസ്‌പെന്‍ഡ് ചെയ്ത ശേഷം അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരായ മാം മണ്ഡിയായേ, നഷാത് ഷമീം ഖാന്‍ എന്നിവര്‍ കേസിന്റെ ചുമതല ഏറ്റെടുത്തു. പക്ഷേ, ഉപരോധ ഭീഷണി കേസിനെ ദുര്‍ബലമാക്കിയെന്ന് ലി മോണ്ടിലെ റിപോര്‍ട്ട് പറയുന്നു. കരീം ഖാനെതിരായ പീഡന ആരോപണത്തിലെ അന്വേഷണം ഇപ്പോള്‍ ഐക്യരാഷ്ട്രസഭയാണ് നടത്തുന്നത്. ഗുരുതരമായ സ്വഭാവപ്രശ്‌നമുണ്ടെന്ന റിപോര്‍ട്ട് തയ്യാറാക്കിയാല്‍ അദ്ദേഹത്തെ നീക്കം ചെയ്യാന്‍ അംഗരാജ്യങ്ങള്‍ക്ക് ആവശ്യപ്പെടാം. കരീം ഖാനെ പുറത്താക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിക്കുന്നതായി ലി മോണ്ട് റിപോര്‍ട്ട് ചെയ്യുന്നു. കരീം ഖാനു പകരം ദുര്‍ബലമായ ഏതെങ്കിലും രാജ്യത്ത് നിന്നുള്ള വനിതയെ പകരം വയ്ക്കാനാണ് അവരുടെ നീക്കം. കേസില്‍ ഇടപെടാനും കൂടുതല്‍ ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്കെതിരേ അറസ്റ്റ് വാറന്റ് വരുന്നതും തടയുകയാണ് ലക്ഷ്യം.

