രാഹുലിനെ അയോഗ്യനാക്കാന്‍ എല്‍ഡിഎഫ്; മുകേഷിനെതിരേ കോണ്‍ഗ്രസ്

Update: 2026-01-13 01:43 GMT

തിരുവനന്തപുരം: ലൈംഗികപീഡന ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എസ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതിനുള്ള നീക്കവുമായി എല്‍ഡിഎഫ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കുമുന്‍പാകെയാണ് ഇത്തരം പരാതികള്‍ വരുക. സമിതിക്ക് ഒരംഗത്തെ അയോഗ്യനാക്കാനുള്ള അധികാരമില്ലെങ്കിലും നിയമസഭയ്ക്കുമുന്‍പാകെ ശുപാര്‍ശ സമര്‍പ്പിക്കാനാകും. ആരോപണവിധേയന് വിശദീകരണത്തിന് അവസരം നല്‍കിവേണം ശുപാര്‍ശനല്‍കേണ്ടത്. എന്നാല്‍, നിയമസഭയുടെ കാലാവധി തീരാറായിരിക്കെ നടപടി പൂര്‍ത്തിയാക്കാന്‍ സമയം തികയുമോയെന്ന സംശയമുണ്ട്. പൂര്‍ത്തിയാക്കാനായില്ലെങ്കിലും കാര്യങ്ങള്‍ തുടങ്ങിവെക്കാമെന്നുള്ള അഭിപ്രായം നേതാക്കള്‍ക്കുണ്ട്. എന്നാല്‍, പീഡനക്കേസുകളില്‍ ആരോപണവിധേയനായ മുകേഷ് എംഎല്‍എയെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടും. ആരോപണവിധേയരും പരാതിക്കാരും തമ്മിലുള്ള കേസില്‍ നിയമസഭ തീര്‍പ്പുകല്‍പ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം രണ്ടു മുന്നണികളിലുമുണ്ട്. കോടതി തീരുമാനം വന്നതിന് ശേഷം നടപടികള്‍ മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.