സംഭല്‍ വെടിവയ്പില്‍ പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ മാറ്റിയതില്‍ വ്യാപകപ്രതിഷേധം
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിന് സമീപം മുസ് ലിംകള്‍ക്കെതിരെ വെടിവയ്പ് നടത്തിയ പോലിസുകാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ ചന്ദോസി പോലിസ് സ്‌റ്റേഷന് മുന്നിലും കലക്ടറേറ്റിന് മുന്നിലും പ്രതിഷേധിച്ചു. നീതിയെ കൊല്ലുന്ന നടപടിയാണ് ഇതെന്ന് അഭിഭാഷകര്‍ പറഞ്ഞു. പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടതിന് നല്ല ജഡ്ജിയെ സ്ഥലം മാറ്റുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. '' സിജെഎമ്മിനെ തിരികെ കൊണ്ടുവരണം. ജില്ലയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് സിജെഎം. കേസുകള്‍ എട്ടുദിവസത്തില്‍ അദ്ദേഹം തീര്‍പ്പാക്കും. എഎസ്പി അനൂജ് ചൗധരിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടപ്പോഴാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഈ സ്ഥലംമാറ്റം റദ്ദാക്കണം.''-ജില്ലാ-സെഷന്‍സ് കോടതി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് രാജേഷ് യാദവ് ആവശ്യപ്പെട്ടു.
अनुज चौधरी पर FIR का आदेश देने CJM जज विभांशु सुधीर के तबादले पर सम्भल कोर्ट में वकीलों ने जोरदार प्रदर्शन किया है. pic.twitter.com/qZiS1ANPyc
— Ansar Imran SR (@ansarimransr) January 21, 2026
സിജെഎമ്മിനെ സ്ഥലം മാറ്റിയ സമയത്തില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഷാനവാസ് ആലം പറഞ്ഞു. ഇതൊരു സാധാരണ സ്ഥലംമാറ്റമല്ലെന്നും ജനാധിപത്യത്തിന്റെ തൂണുകളില്‍ സമ്മര്‍ദ്ദം നല്‍കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ജൂഡീഷ്യറിയില്‍ ഇത്തരത്തില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
സംഭല്‍ സിജെഎം വിഭാന്‍ഷു സുധീറിനെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. ചന്ദോസി സിവില്‍ ജഡ്ജി(സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങാണ് പുതിയ സിജെഎം. സംഭല്‍ മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയില്‍ അതേദിവസം തന്നെ സര്‍വേക്ക് ഉത്തരവിട്ടയാളാണ് ആദിത്യ സിങ്. 2024 നവംബറില്‍ സംഭല്‍ മസ്ജിദിന് സമീപം 23കാരനായ ബിസ്‌ക്കറ്റ് വില്‍പ്പനക്കാരനെ വെടിവച്ചതിനാണ് സംഭല്‍ സര്‍ക്കിള്‍ ഓഫിസറായിരുന്ന അനുജ് ചൗധരി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ വിഭാന്‍ഷു സുധീര്‍ ഉത്തരവിട്ടിരുന്നത്.
2024 നവംബര്‍ 19നാണ് സംഭല്‍ മസ്ജിദില്‍ സര്‍വേ നടത്താന്‍ ചന്ദോസി സിവില്‍ ജഡ്ജി(സീനിയര്‍ ഡിവിഷന്‍) ആദിത്യ സിങ് ഉത്തരവിട്ടിരുന്നത്. ഹിന്ദുത്വര്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്. പിന്നീട് നവംബര്‍ 24ന് മറ്റൊരു സര്‍വേ കൂടി നടത്തി. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘവും സര്‍വേ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. പ്രദേശത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് മുസ്‌ലിം യുവാക്കളെയാണ് അന്ന് പോലിസ് വെടിവച്ചു കൊന്നത്. കൂടാതെ ആയിരത്തില്‍ അധികം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

