തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ അതിജീവിത ലൈംഗികപീഡന പരാതി നല്‍കിയ വിഷയത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പരാതി നിയമാനുസൃതമായ നടപടികള്‍ക്ക് വിധേയമാകട്ടെയെന്നും നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങള്‍, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള അതൊന്നും ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കുറച്ചു കാലമായി കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആ വിഷയം ഉയര്‍ന്നപ്പോള്‍തന്നെ രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആ വിഷയത്തില്‍ പോലീസിന്റെ അന്വേഷണം കുറച്ചുനാളായി നടക്കുകയാണ്. എന്നാല്‍, അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് വാര്‍ത്തകളില്‍ കാണുന്നു. ആ പരാതി അതിന്റെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകട്ടെ, സണ്ണി ജോസഫ് പറഞ്ഞു.