'പുണ്യനാടിനെ പരിരക്ഷിക്കുക' ഹസന്‍ നസ്‌റുല്ലായുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ഹിസ്ബുല്ലാ
ഹിസ്ബുല്ലാ പോരാളികളോട് സ്വന്തം നാടിനെ കാക്കാന്‍ ഹസന്‍ നസ്‌റുല്ലാ നടത്തുന്ന സമരാഹ്വാനമാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം
ബെയ്‌റൂത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹസന്‍ നസ്‌റുല്ലായുടെ ശബ്ദ സന്ദേശം പുറത്തുവിട്ട് ഹിസ്ബുല്ലാ. ദക്ഷിണ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിട്ട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഹസന്‍ നസ്‌റുല്ലായുടെ റെക്കോഡ് ചെയ്ത ശബ്ദ സന്ദേശം ഹിസ്ബുല്ലാ പുറത്തുവിട്ടത്. ഒരു സൈനിക നീക്കത്തിനിടെ ഹിസ്ബുല്ലാ പോരാളികളോട് സ്വന്തം നാടിനെ കാക്കാന്‍ ഹസന്‍ നസ്‌റുല്ലാ നടത്തുന്ന സമരാഹ്വാനമാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. ' നമ്മള്‍ നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. നിങ്ങളുടെ ജനങ്ങളെ കാക്കുന്നതില്‍, നിങ്ങളുടെ കുടുംബങ്ങളെ കാക്കുന്നതില്‍, നിങ്ങളുടെ രാജ്യത്തെ പരിരക്ഷിക്കുന്നതില്‍, നിങ്ങളുടെ മൂല്യങ്ങള്‍, നിങ്ങളുടെ അന്തസ്സ് ഇതെല്ലാം കാക്കുന്നതില്‍.... എല്ലാറ്റിനുമുപരി അനുഗൃഹീതവും വിശുദ്ധവുമായ ഈ നാടിനെയും അതിന്റെ ആദരീണയരായ ജനതയെയും പരിരക്ഷിക്കുന്ന കാര്യത്തില്‍ നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. ' നസ്‌റുല്ലായുടെ സംസാരം ഇങ്ങനെ പോവുന്നു. എഎഫ്പി ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.
ഇതിനിടെ ഹിസ്ബുല്ലയും സയണിസ്റ്റ് സൈന്യവും തമ്മിലുള്ള സംഘര്‍ഷം ലെബനാനില്‍ കടുക്കുകയാണ്. ഇസ്രായേലിന്റെ വടക്കന്‍ ഭാഗത്ത് ബിന്യാമിനയില്‍ ഹിസ്ബുല്ലാ ഞായറാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ഇസ്രായേലിന്റെ ആംബുലന്‍സ് സര്‍വീസ് മേധാവിയെ ഉദ്ധരിച്ച് എന്‍ 12ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് നടന്ന മറ്റൊരാക്രമണത്തില്‍ നാല് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടതായും 70 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.
അതേ സമയം, ഇസ്രായേല്‍ വ്യോമസേനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വികസിത ആന്റി മിസൈല്‍ സംവിധാനങ്ങളും ഓപറേറ്റ് ചെയ്യാനുള്ള വിദഗ്ധരെയും തങ്ങള്‍ ഇസ്രായേലിനു നല്‍കുമെന്നും ഇറാന്റെ ഭാഗത്തു നിന്നും തുടര്‍ച്ചയായി നടക്കുന്ന മിസൈല്‍ ആക്രമണത്തോടുള്ള പ്രതികരണമായി അമേരിക്ക പ്രഖ്യാപിച്ചു.
ദക്ഷിണ ലെബനാനിലും സ്ഥിതിഗതികള്‍ രൂക്ഷമാവുകയാണ്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ താവളത്തിലേക്ക് ഞായറാഴ്ച ഇസ്രായേലി ടാങ്കുകള്‍ ബലമായി കടന്നുകയറി. സമാധാന സേനയെ പിന്‍വലിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്. ലെബനാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 'യുഎഇ ലെബനാനിനൊപ്പം ' എന്ന കാംപയിന് യുഎഇ തുടക്കം കുറിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പതിനായിരം റിലീഫ് പാക്കേജുകള്‍ ലെബനാനിനു സഹായമായി നല്‍കാനും യുഎഇ സന്നദ്ധമായിട്ടുണ്ട്.
