വിജയ് മല്ല്യയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത് ലളിത് മോദി; തങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഒളിച്ചോട്ടക്കാരെന്ന് പ്രഖ്യാപനം

Update: 2025-12-24 03:36 GMT

ലണ്ടന്‍: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിജയ് മല്ല്യയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത് മറ്റൊരു തട്ടിപ്പുകാരനായ ലളിത് മോദി. ഇന്ത്യയിലെ ഏറ്റവും വലിയ ഒളിച്ചോട്ടക്കാരെന്ന തലക്കെട്ടിലുള്ള വീഡിയോയാണ് ലളിത് മോദി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ''ഇന്ത്യയിലെ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്യട്ടെ.. സന്തോഷ ജന്മദിനം സുഹൃത്തേ.'' എന്നാണ് തലക്കെട്ട്. വീഡിയോ വന്നതോടെ നിരവധി പേര്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. സിബിഐയേയും ഇഡിയേയും ഇരുവരും പരിഹസിക്കുകയാണെന്ന് ചിലര്‍ കമന്റിട്ടു.

രാജ്യത്തെ 17 ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടച്ചില്ലെന്നാണ് വിജയ് മല്ല്യക്കെതിരേയെുള്ള കേസ്. ഇപ്പോള്‍ ലണ്ടനിലാണ് മല്ല്യ താമസിക്കുന്നത്. ഇയാളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ഐപിഎല്‍ സംപ്രേക്ഷണ അവകാശങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നീ കുറ്റങ്ങളാണ് ലളിത് മോദിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2010ല്‍ ഇയാള്‍ രാജ്യം വിട്ടു.