ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേന്ദ്രമന്ത്രിയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

ഒക്ടോബര്‍ 3നാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയത്

Update: 2021-12-24 10:46 GMT

ലഖ്‌നൗ: തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പരാതിയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ലഖിംപൂര്‍ ഖേരിയിലെ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് മന്ത്രിയില്‍ നിന്ന് കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് പരാതി. ഡിസംബര്‍ 17നാണ് മന്ത്രിക്ക് ഫോണ്‍ കോള്‍ വന്നതെന്ന് പോലിസ് പറയുന്നു. നാല് പേരെ നോയിഡയില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 3നാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയത്.

 സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്ര ഇപ്പോഴും ജയിലിലാണ്. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നു എന്നാണ് ആശിഷ് മിശ്ര അവകാശപ്പെട്ടത്. എന്നാല്‍ സാക്ഷിമൊഴി ആശിഷ് മിശ്രയ്ക്ക് എതിരാണ്. ലഖിംപൂര്‍ സംഭവം ആസൂത്രിതമായിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാലെ സുതാര്യമായ വിചാരണ നടക്കണമെങ്കില്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമച്ചുവെന്നാരോപിച്ച് മന്ത്രി പോലിസില്‍ പരാതി നല്‍കിയത്. കേസ് വഴി തിരിച്ചു വിടാനുളഅള ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്ന് ആരോപണമുണ്ട്.

Tags:    

Similar News