റെയില്‍പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ടവര്‍ അറസ്റ്റില്‍; വിശദമായ അന്വേഷണവുമായി പോലിസ്
കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു .നേരത്തെ കുണ്ടറയില്‍ എസ്‌ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തായിരുന്നു പ്രതികളുടെ ഉദ്ദേശ്യം, ഏതെങ്കിലും സംഘടനയുടെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പോലിസ് പരിശോധിച്ചുവരുകയാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും റെയില്‍വേ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചോദ്യം ചെയ്യല്‍ സ്ഥലത്തുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തിന് പിന്നില്‍ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.
സൈബര്‍ സെല്‍ സഹായത്തോടെയാണ് പ്രതികളെ പോലിസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇരുവരേയും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. സംഭവ സമയത്ത് പ്രതികള്‍ റെയില്‍ പാളത്തിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലിസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പോലിസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിയെ കുറിച്ച് സൂചന നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്.
