ടെലിഫോണ്‍ പോസ്റ്റ് കഷണങ്ങളായി കിട്ടാന്‍ റെയില്‍പാളത്തിലിട്ടെന്ന് പ്രതികള്‍; അട്ടിമറി സാധ്യതയേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്ന് പോലിസ്

Update: 2025-02-23 01:15 GMT

കൊല്ലം: കുണ്ടറയില്‍ റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ടതിന് അറസ്റ്റിലായ രാജേഷും അരുണും ലഹരി ഉപയോഗിക്കുന്നവരാണെന്ന് റൂറല്‍ എസ്പി കെ വി സാബു. മദ്യപാനികളായ ഇവര്‍ കഴിഞ്ഞ ദിവസവും മദ്യപിച്ചിരുന്നു. ട്രെയിന്‍ അട്ടിമറി സാധ്യതയേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടിച്ച കാസ്റ്റ് അയണ്‍ പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പോസ്റ്റ് റെയില്‍വേ ട്രാക്കിന് കുറുകെയിട്ടാല്‍ പുലര്‍ച്ചെ അതുവഴി പോകുന്ന പാലരുവി എക്‌സ്പ്രസ് ഇതിന് മുകളിലൂടെ കടന്നുപോവുകയും പോസ്റ്റ് കഷണങ്ങളാകുമെന്നുമാണ് ഇവര്‍ കരുതിയിരുന്നതത്രെ. അറസ്റ്റിലായ രണ്ടു പേരില്‍ ഒരാള്‍ക്കെതിരെ പതിനൊന്നും രണ്ടാമനെതിരെ അഞ്ചും കേസുകള്‍ നിലവിലുണ്ട്. കുണ്ടറ എസ്‌ഐ ആയിരുന്ന അംബരീഷിനെ ആക്രമിച്ച കേസിലെ പ്രതിയുമാണ് അരുണ്‍.

പ്രതികള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. രണ്ട് സ്ഥലത്ത് പോസ്റ്റ് വെച്ചിരുന്നതിനാല്‍ അട്ടിമറിയാണോ പ്രതികളുടെ ഉദ്ദേശമെന്ന് സംശയമുണ്ട്. പ്രതികളെ ഇനിയും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.