എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതി യാത്ര ചെയ്തു; നാട്ടുകാര്‍ക്ക് വന്‍ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

Update: 2025-06-03 04:07 GMT

കുമ്പള: മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതി യാത്ര ചെയ്തവര്‍ കുടുങ്ങി. കാസര്‍കോട് കുമ്പളയില്‍ 350 പേര്‍ക്ക് 7,500 രൂപ മുതല്‍ 40,000 രൂപ വരെ പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിച്ചു. 2023 ജനുവരി മുതല്‍ 2025 മേയ് 31 വരെയുള്ള കാലയളവിലാണിത്. കുമ്പള നഗരത്തില്‍ അനില്‍ കുമ്പള റോഡിനടുത്താണ് ക്യാമറ.

കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ പതിവായി സഞ്ചരിക്കുന്നവരാണ് ക്യാമറയില്‍ പതിഞ്ഞത്. ക്യാമറ സ്ഥാപിച്ചതേയുള്ളൂവെന്നും പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നും കുമ്പളയിലും പരിസരപ്രദേശങ്ങളിലും പ്രചാരണമുണ്ടായിരുന്നു. കുമ്പള, ശാന്തിപള്ളം, ഭാസ്‌കര നഗര്‍, നാരായണമംഗലമുള്‍പ്പെടെയുള്ള പരിസരപ്രദേശങ്ങളിലെ നിരവധി പേര്‍ പഴയ പോലെ ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റിടാതെയും യാത്രചെയ്തു. ഇവര്‍ക്കാണ് ഭീമമായ തുകയുടെ നോട്ടീസ് വന്നത്. നോട്ടീസ് കിട്ടിയവര്‍ വാട്‌സാപ്പ് കൂട്ടായ്മയ്ക്കും രൂപം നല്‍കി. തിങ്കളാഴ്ചവരെ 350 പേര്‍ അംഗങ്ങളായി.