കുക്കി ഗ്രാമത്തില്‍ നാഗ ആക്രമണം; സമാധാനം പാലിക്കാന്‍ തീരുമാനം

Update: 2026-01-28 02:40 GMT

ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലെ കുക്കി ഭൂരിപക്ഷ ഗ്രാമമായ സോങ്‌ലങില്‍ നാഗ ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇരുവിഭാഗവും തമ്മില്‍ സമാധാനചര്‍ച്ച നടത്തി. കുക്കി ഐഎന്‍പിഐ എന്ന സംഘടനയും യുണൈറ്റഡ് നാഗ കൗണ്‍സിലുമാണ് ചര്‍ച്ച നടത്തിയത്. സോങ്‌ലങിലെ ആക്രമണത്തെ ഇരുകൂട്ടരും സംയുക്തമായി ഇറക്കിയ പ്രസ്താവന അപലപിച്ചു. നാഗ സംഘടനയായ സെലിയാന്‍ഗ്രോങ് യുണൈറ്റഡ് ഫ്രണ്ടാണ് ഗ്രാമത്തിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. നാഗന്‍മാരുടെ പരമ്പരാഗത ഭൂമിയില്‍ ചിലര്‍ പോപ്പിക്കൃഷി നടത്തുന്നുവെന്നാണ് സെലിയാന്‍ഗ്രോങ് യുണൈറ്റഡ് ഫ്രണ്ട് ആരോപിക്കുന്നത്.

കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള കാങ്‌പോക്പി ജില്ലയേയും ചുരാചന്ദ്പൂര്‍ ജില്ലയേയും ബന്ധിപ്പിക്കാന്‍ കുക്കികള്‍ പ്രത്യേക റോഡ് നിര്‍മിച്ചിരുന്നു. മെയ്‌തെയ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയാണ് ഈ റോഡ് നിര്‍മിച്ചത്. മെയ്‌തെയ് പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമല്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഈ റോഡ് തങ്ങളുടെ പാരമ്പര്യ ഭൂമി കൈയ്യേറി നിര്‍മിച്ചെന്നാണ് നാഗന്‍മാര്‍ ആരോപിക്കുന്നത്. അതിനാല്‍ തന്നെ റോഡ് അവര്‍ ഉപരോധിക്കുകയും ചെയ്തു.