അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: അന്വേഷണത്തില്‍ പിഴവുകളെന്ന് സഹോദരന്‍ ജബ്ബാര്‍;മന്ത്രിക്ക് നിവേദനം നല്‍കി

Update: 2025-05-10 15:52 GMT

മംഗളൂരു: കര്‍ണാടകത്തിലെ കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ദിനേഷ് ഗുണ്ടു റാവുവിന് നിവേദനം നല്‍കി. അഷ്‌റഫിന്റെ സഹോദരന്‍ ജബ്ബാറാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ഏപ്രില്‍ 27നാണ് ബിജെപി-ആര്‍എസ്എസ് സംഘം അഷ്‌റഫിനെ തല്ലിക്കൊന്നത്. അഷ്‌റഫ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനാല്‍ കൊന്നു എന്ന പേരിലൊരു കഥയും അവര്‍ കെട്ടിചമച്ചു.

കേസില്‍ പോലിസ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നിരവധി പിഴവുകള്‍ ഉള്ളതായി ജബ്ബാര്‍ നല്‍കിയ നിവേദനം ചൂണ്ടിക്കാട്ടുന്നു. ''അന്വേഷണത്തിലെ പിഴവുകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും അന്വേഷണത്തിലും പോലിസ് ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. വീഴ്ച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെയും രണ്ടു കോണ്‍സ്റ്റബിള്‍മാരെയും സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. കേസ് കൈകാര്യം ചെയ്യാന്‍ പക്ഷപാതമില്ലാത്ത കാര്യശേഷിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണം.''-ജബ്ബാര്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ട കൊലപാതകക്കേസുകള്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ പരിഗണിക്കണമെന്ന് തെഹ്‌സീന്‍ പൂനെവാല കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടതാണെന്നും അഷ്‌റഫിന്റെ കേസ് അത്തരം കോടതിയിലേക്ക് മാറ്റണമെന്നും ജബ്ബാര്‍ ആവശ്യപ്പെട്ടു.

ഭാരതീയ ന്യായ സംഹിത വന്നതിന് ശേഷം കര്‍ണാടകയില്‍ നടക്കുന്ന ആദ്യ ആള്‍ക്കൂട്ട കൊലപാതകമാണ് അഷ്‌റഫിന്റേത്. കേസ് നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.