മലയാള സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത് എന്റെ കാലത്തല്ല: കെ ടി ജലീല്‍

Update: 2025-09-13 12:50 GMT

തിരൂര്‍: മലയാള സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ കമ്മീഷന്‍ വാങ്ങിയെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം നിഷേധിച്ച് കെ ടി ജലീല്‍. സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തത് തന്റെ കാലത്തല്ലെന്ന് കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016 ഫെബ്രുവരിയില്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മലപ്പുറം കലക്ടറേറ്റില്‍ വച്ച് തീരുമാനമെടുത്തത്. 17.21 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി രേഖയില്‍ ഒപ്പിട്ടു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയും. സെന്റിന് 1,70,000 രൂപയാണ് വില നിശ്ചയിച്ചത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഭൂമി വില കൂടുതലാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. അന്ന് സി മമ്മൂട്ടിയാണ് തിരൂര്‍ എംഎല്‍എ. ഇടതുസര്‍ക്കാര്‍ ഭൂമിയുടെ വില 1,60,000 ആക്കിക്കുറച്ചു. 6.25 ഏക്കര്‍ കണ്ടല്‍കാട് ഒഴിവാക്കുകയും ചെയ്തു. 2018ലാണ് താന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതെന്നും കെ ടി ജലീല്‍ പറഞ്ഞു. ഭൂമിയുടെ വില 1,70,000 ആക്കിയത് മുസ്‌ലിം ലീഗ് നേതാക്കളും ഭൂമി കച്ചവടക്കാരുമാണെന്നും കെ ടി ജലീല്‍ കൂട്ടിചേര്‍ത്തു.