തവനൂര്‍ ജയിലില്‍ പോവുന്നുണ്ടെങ്കില്‍ അത് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗുകാരെ കാണാനായിരിക്കും: കെ ടി ജലീല്‍

Update: 2025-09-21 06:49 GMT

തിരൂര്‍: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് വിചാരിച്ചാല്‍ തന്നെ ജയിലിലാക്കാന്‍ സാധിക്കില്ലെന്ന് കെ ടി ജലീല്‍. ഇഎംഎസ് സെമിനാറിനെ കുറിച്ച് വിശദീകരിക്കാനായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് കെ ടി ജലീല്‍ ഇക്കാര്യം പറഞ്ഞത്. '' തവനൂരിലെ ജയിലില്‍ നിലവില്‍ മലപ്പുറം ജില്ലയിലെ മൂന്നു പ്രമുഖ ലീഗ് നേതാക്കളുണ്ട്. ഇനി പലരും അങ്ങോട്ട് എത്തും. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരെ കാണാനായി ഞാന്‍ തവനൂര്‍ ജയില്‍ സന്ദര്‍ശിക്കും. തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും. സാമ്പത്തിക അഴിമതികള്‍ ലീഗുകാരുടെ സ്ഥിരം തൊഴിലാണ്. പിരിവ് നടത്തി ലീഗ് പ്രവര്‍ത്തകരെ തന്നെ കബളിപ്പിക്കുന്ന നയമാണ് കുറേക്കാലമായി അവര്‍ തുടരുന്നത്. ഇപ്പോള്‍ പുതിയ പേരില്‍ യൂത്ത് ലീഗ് ദേശീയ സമിതി പിരിവിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗുജറാത്ത് ഫണ്ട് മുതലാണ് താന്‍ ഇവരുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ രംഗത്ത് വന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യും. ലീഗുകാരുടെ സാമ്പത്തിക അഴിമതികള്‍ക്കെതിരെ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പിരിച്ച പണത്തെ കുറിച്ച് ജിഎസ്ടി കൗണ്‍സിലിലും പരാതി നല്‍കുന്നുണ്ട്.''- കെ ടി ജലീല്‍ പറഞ്ഞു. പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് വ്യാഴാഴ്ച തിരൂരില്‍ വൈകുന്നേരം ബസ്റ്റാന്‍ഡില്‍ ചേരുന്ന പൊതുയോഗത്തില്‍ മറുപടി പറയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.