ചക്ക കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപരിശോധനയില്‍ 'കുടുങ്ങി'

Update: 2025-07-19 03:33 GMT

പന്തളം: ഡ്യൂട്ടിക്ക് മുമ്പ് ചക്ക കഴിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപാന പരിശോധനയില്‍ 'കുടുങ്ങി'. ഇന്നലെ രാവിലെ പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ ഡ്രൈവര്‍മാരെ കൊണ്ട് ബ്രത്തലൈസറില്‍ ഊതിപ്പിക്കുന്ന പതിവുണ്ട്. ഒരാള്‍ ഊതിയപ്പോള്‍ ബ്രത്തലൈസറിലെ അളവ് പൂജ്യത്തില്‍ നിന്ന് പത്തായി. താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവര്‍ ആണയിട്ടു പറഞ്ഞു. രക്തപരിശോധന നടത്താനും ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇതോടെ മറ്റു ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി ഊതിച്ചു. ചക്ക തിന്നവരെല്ലാം മദ്യപിച്ചെന്ന പോലെയുള്ള ഫലമാണ് യന്ത്രം നല്‍കിയത്. ചക്ക തിന്നാത്തവരെ കൊണ്ട് ഊതിപ്പിച്ചപ്പോള്‍ റിസള്‍ട്ട് പൂജ്യം. എന്നാല്‍, ചക്ക കഴിച്ച് നോക്കിയപ്പോള്‍ റിസള്‍ട്ട് പത്തായി. ഇതോടെ പ്രശ്‌നം ചക്കയാണെന്ന് അധികൃതര്‍ ഉറപ്പിച്ചു.

കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് നല്ല പഴുത്ത വരിക്ക ചക്ക തൊഴില്‍സ്ഥലത്തേക്ക് കൊണ്ടുവന്നത്. രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുന്‍പ് ഡ്രൈവര്‍മാരിലൊരാളാണ് ആദ്യം ചക്കപ്പഴം കഴിച്ചത്. ഇദ്ദേഹമാണ് ആദ്യം ബ്രത്തലൈസറില്‍ കുടുങ്ങിയത്. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താന്‍ കഴിയും.