കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം

Update: 2025-05-19 05:29 GMT

ആലപ്പുഴ: കരുവാറ്റ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്ത്രീ മരിച്ചു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് നടുവിലേപറമ്പില്‍ സരസ്വതിയമ്മ(72)യാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ കരുവാറ്റയിലെ പവര്‍ഹൗസിന് സമീപമാണ് അപകടം നടന്നത്.

കായംകുളം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കാണ് അതീവഗുരുതരമായി പരുക്കേറ്റത്. ഇവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സരസ്വതിയമ്മ മരിച്ചു. ബസിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരുക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസ് മറ്റൊരു പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറി. ആ വാനിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റു.