അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ കോണ്‍സലാക്കി മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്

കൊച്ചി: ഹിന്ദുത്വവാദിയായ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലാക്കി മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്. വിവിധ കേസുകളില്‍ 'ലവ് ജിഹാദ്' അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും മറ്റും ചെയ്യുന്ന അഭിഭാഷകനായ ആര്‍ കൃഷ്ണരാജിനെയാണ് ലീഗ് ഭരണ സമിതി നിയമിച്ചത്. മലപ്പുറം ജില്ലയില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന തരത്തിലുള്ള കേസുകളും നടത്തുന്നത് ഇയാളാണ്. കൂടാതെ മലയോര മേഖലകളില്‍ ഒരു വിഭാഗം ഭൂമി കൈയ്യേറിയെന്ന തരത്തിലുള്ള കേസുകളും ഇയാള്‍ വിവിധ കക്ഷികള്‍ക്കായി ഫയല്‍ ചെയ്യാറുണ്ട്.
ബോണി എമ്മിന്റെ റാസ്പുട്ടിന്‍ എന്ന പാട്ടില്‍ നൃത്തം ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയും ഇയാള്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായി ആരോപണമുണ്ട്. വഖ്ഫ് ഭേദഗതി നിയമത്തിന് അനുകൂലമായി സുപ്രിംകോടതിയില്‍ കാസ എന്ന സംഘടനക്കായി ഹരജി നല്‍കിയതും കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി െ്രെഡവറെ മതപരമായി അധിക്ഷേപിച്ചതിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.