കോട്ടയം ഇരട്ടക്കൊല; കോടാലിയിലെ വിരലടയാളം അമിത്തിന്റേത് തന്നെയെന്ന് പോലിസ്

Update: 2025-04-23 02:04 GMT

കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത്ത് ഉറാങ് തന്നെയെന്ന് സ്ഥിരീകരിച്ച് പോലിസ്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലിയില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളാണ് അമിത് ഉറാങ്ങിന്റേതാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ മൊബൈല്‍ മോഷണക്കേസില്‍ അമിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ ശേഖരിച്ച വിരലടയാളവുമായി കോടാലിയിലെ വിരലടയാളം മാച്ച് ചെയ്തതായി പോലിസ് അറിയിച്ചു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളില്‍ ഫിംഗര്‍ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇതും മാച്ച് ചെയ്തു.

കൊലപാതകം നടത്താന്‍ അമിത് ദിവസങ്ങള്‍ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജില്‍ ആയിരുന്നു. ഇതിനിടയില്‍ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്ത് എത്തി നിരീക്ഷണം നടത്തി. തിങ്കളാഴ്ച രാവിലെ ലോഡ്ജില്‍ നിന്ന് റൂം ഒഴിഞ്ഞു. വൈകിട്ട് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് ആണ് കൊലപാതകം നടത്താന്‍ പോയത്. ലോഡ്ജില്‍ നിന്നു അമിത് പുറത്തേക്ക് വരുന്നതും റെയില്‍വെ സ്‌റ്റേഷനില്‍ പോകുന്നതിന്റെയും സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലെ നായക്ക് അമിത്തിനെ പരിചയമുള്ളതിനാല്‍ കുരച്ചില്ല.

പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തുന്നത്. പ്രതിയുടെ നാട്ടിലും പരിശോധന നടത്തും. കൊലപാതകം വ്യക്തി വൈരാഗ്യം മൂലമാണെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് പറഞ്ഞു. പ്രതി വീടിനുള്ളില്‍ കടന്നത് മതില്‍ചാടിയാണ്. വാതില്‍ തകര്‍ക്കാന്‍ അമ്മിക്കല്ല് ഉപയോഗിച്ചില്ല. ദമ്പതികള്‍ താമസിച്ചത് രണ്ട് മുറികളില്‍ ആണ്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. നേരത്തെ വിജയകുമാറിന്റെ മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തിലെ തെളിവുകള്‍ സിബിഐക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.