പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചു. സെഷന്‍സ് കോടതിയും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതോടെ ജയചന്ദ്രനെതിരേ കോഴിക്കോട് കസബ പോലിസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് ശേഷമാണ് ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പോലിസാണ് നടന്‍ ജയചന്ദ്രന് എതിരേ പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പോലിസിനു കൈമാറുകയായിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. കുടുംബപ്രശ്‌നങ്ങള്‍ മൂലം തന്നെ വ്യാജകേസില്‍ കുടുക്കിയെന്നാണ് ജയചന്ദ്രന്‍ വാദിക്കുന്നത്.