അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാതിരിക്കാന്‍ സ്വന്തം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന്; സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുത്ത് പോലിസ്
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ നാടകീയ സംഭവങ്ങള്‍. സിപിഎം കൗണ്‍സിലര്‍ കല രാജു യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതോടെ ചെയര്‍പേഴ്‌സന്റെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്ന ആരോപണം ഉയര്‍ന്നു. പിന്നീട് കല രാജുവിനെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ കലാരാജുവിന്റെ കുടുംബത്തിന്റെ പരാതിയില്‍ സിപിഎം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി സെക്രട്ടറി അടക്കം 42 പേരാണ് ആരോപണവിധേയര്‍.
യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഎമ്മിന്റെ ഒരു കൗണ്‍സിലറും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വനിതാ കൗണ്‍സിലര്‍മാര്‍ക്കടക്കം പരിക്കുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി സിപിഎം രംഗത്തെത്തി. തങ്ങളുടെ 13 അംഗങ്ങളോടും അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് അനുസരിച്ചാണ് കലാ രാജു ഏരിയാ കമ്മിറ്റി ഓഫിസില്‍ എത്തിയതെന്നും പാര്‍ട്ടി അറിയിച്ചു. കല രാജു നല്‍കുന്ന മൊഴിക്ക് അനുസരിച്ചായിരിക്കും കേസിന്റെ ഭാവി.