കൂടത്തായി കൊലപാതകങ്ങള്‍: കുറ്റകൃത്യം നടന്ന സ്ഥലങ്ങള്‍ പരിശോധിക്കണമെന്ന ജോളിയുടെ ആവശ്യം തള്ളി
കൊച്ചി: കൂടത്തായി കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പുതിയ അഭിഭാഷകനൊപ്പം പരിശോധിക്കണമെന്ന ജോളി ജോസഫിന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ജോളിയുടെ അഭിഭാഷകനായ ബി എ ആളൂര്‍ നേരത്തെ അന്തരിച്ചിരുന്നു. തുടര്‍ന്ന് വക്കാലത്ത് ഒപ്പിട്ട പുതിയ അഭിഭാഷകനുമായി സ്ഥലങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ എതിര്‍ത്തു. കേസിലെ എല്ലാ രേഖകളും സീന്‍ മഹസര്‍ അടക്കം പ്രതിക്ക് നല്‍കിയതാണെന്നും അവയുടെ അടിസ്ഥാനത്തില്‍ സാക്ഷികളെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 2011ന് മുമ്പ് നടന്ന കൊലപാതകങ്ങളില്‍ ഇപ്പോള്‍ സ്ഥലം കണ്ടിട്ട് ഗുണമില്ലെന്നും അവര്‍ അറിയിച്ചു. വിചാരണ ഇത്രയും പുരോഗമിച്ച സാഹചര്യത്തില്‍ ഈ ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു. കേസിലെ 124 സാക്ഷികളെ വിചാരണക്കോടതി വിസ്തരിച്ചു കഴിഞ്ഞു. അതിനാല്‍, വിചാരണ തടസപ്പെടുത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.