കോഴിക്കോട്: മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി (ആന്റണി) 1986ല്‍ കൂടരഞ്ഞിയില്‍ കൊലപ്പെടുത്തിയെന്നു പറയുന്നയാള്‍ കണ്ണൂരിലെ ഇരിട്ടി സ്വദേശിയെന്നു സൂചന. കോഴിക്കോട് കൂടരഞ്ഞിയിലും വെള്ളയില്‍ ബീച്ചിലുമായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്.
മരിച്ച യുവാവിന് കൂടരഞ്ഞിയില്‍ ജോലി നല്‍കിയ ജോസഫിന്റെ മകനില്‍ നിന്നുള്ള വിവരങ്ങളാണ് മരിച്ചത് ഇരിട്ടി സ്വദേശിയെന്ന സൂചന നല്‍കാന്‍ കാരണം. ''മരിച്ചയാള്‍ രണ്ടു ദിവസം മാത്രം ജോലി ചെയ്തതിനാല്‍ പേരോ മറ്റു വിവരങ്ങളോ അറിയില്ല. ആഴമില്ലാത്ത, വെള്ളം കുറഞ്ഞ തോട്ടില്‍ വീണാണ് മരണം. ശ്വാസകോശത്തില്‍ മണ്ണും ചെളിയും കയറിയതാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മാസങ്ങള്‍ക്കു ശേഷം അയാളുടെ പിതാവ് കൂടരഞ്ഞിയില്‍ വന്ന് അന്വേഷിച്ചു പോയിരുന്നു''- ജോസഫിന്റെ മകന്‍ ദേവസ്യ ഒരു പത്രത്തോട് പറഞ്ഞു.
മരിച്ച അജ്ഞാതന്റെ വേരുകള്‍ തേടി തിരുവമ്പാടി പോലിസ് ഇരിട്ടിയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചു. കൂടരഞ്ഞിയില്‍ മരിച്ച യുവാവിന്റെ ശ്വാസകോശത്തില്‍ മണ്ണും ചെളിയും കണ്ടിരുന്നതായി അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മരണത്തിനു 3 ദിവസങ്ങള്‍ക്കു േശഷം ഇരിട്ടിയില്‍ നിന്നു നാലംഗ സംഘം മരിച്ചയാളുടെ വിവരങ്ങള്‍ തിരക്കാന്‍ കൂടരഞ്ഞിയില്‍ വന്നിരുന്നതായി നാട്ടുകാര്‍ ഓര്‍ക്കുന്നു. മരിച്ചത് മകനാണോ എന്ന സംശയം ഉയര്‍ത്തിയാണ് ഒരാള്‍ ഇരിട്ടിയില്‍ നിന്ന് എത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമമാണ് തിരുവമ്പാടി പോലിസ് ആരംഭിച്ചത്. അതേസമയം 1980ല്‍ കൂടരഞ്ഞിയില്‍ കൂലിപ്പണിക്ക് വന്നിരുന്നതു മുഴുവന്‍ പാലക്കാട് ഭാഗത്തു നിന്നുള്ളവരാണെന്നു നാട്ടുകാര്‍ പറയുന്നു.
വെള്ളയില്‍ ബീച്ചില്‍ 1989ല്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു. അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് ശേഖരിക്കുന്നുണ്ട്. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന 'കഞ്ചാവ് ബാബു'വിനെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ക്രിമിനല്‍ കേസ് രേഖകളില്‍ ഈ പേര് ഉണ്ടോ എന്നാണു പരിശോധിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പിന്നീട് വെളിപ്പെടുത്തും.
