നിക്ഷേപ തുക തിരികെ കിട്ടിയില്ലെന്ന്; കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Update: 2025-03-11 11:17 GMT

പത്തനംതിട്ട: നിക്ഷേപ തുക തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പയ്യനാമണ്ണ് സ്വദേശി ആനന്ദനാണ് (64) മദ്യത്തില്‍ ഗുളികകള്‍ കലര്‍ത്തി കുടിച്ചത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പതിനൊന്ന് ലക്ഷം രൂപയുടെ നിക്ഷേപം ആനന്ദന് ബാങ്കില്‍ ഉണ്ടെന്ന് പറയുന്നു. ഈ തുക ആവശ്യപ്പെട്ടെങ്കിലും ആകെ ഒരു ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. പണം തരാമെന്ന് പറഞ്ഞ തീയതിയില്‍ ബാങ്കിലെത്തിയ ആനന്ദന് നിരാശയോടെ ഇവിടെ നിന്ന് മടങ്ങേണ്ടി വന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

അതേസമയം, ഇന്നലെയും ആനന്ദന്‍ ബാങ്കില്‍ വന്നതായി ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് എസ് അഞ്ജലി സ്ഥിരീകരിക്കുന്നു. എന്നാല്‍ ഇന്നലെ ബാങ്കില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആനന്ദന്‍ മൂന്ന് മാസത്തെ പലിശ തുക വാങ്ങി മടങ്ങുകയായിരുന്നു. ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. കുറെ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുണ്ട്. ഏഴ് കോടിയോളം രൂപ ലോണില്‍ കിട്ടാനുമുണ്ട്. എല്ലാവര്‍ക്കും പണം കൊടുക്കാനുള്ള ശ്രമത്തിലാണ് ബാങ്കെന്നും അവര്‍ പറഞ്ഞു.