ക്ഷേത്രോല്‍സവത്തിലെ ആര്‍എസ്എസ് ഗണഗീതം: പോലിസ് കേസെടുത്തു; ഗാനമേളയ്ക്ക് പിന്നില്‍ ടീം ഛത്രപതി എന്ന സംഘം

Update: 2025-04-07 15:21 GMT

കൊല്ലം: കടയ്ക്കല്‍ കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തില്‍ ഉത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ കേസെടുത്തു. ഗാനമേള നടത്തിയവരെ ഒന്നാം പ്രതിയാക്കിയും ക്ഷേത്ര ഉപദേശക സമിതിയെ രണ്ടാം പ്രതിയാക്കിയും ഉത്സവ ആഘോഷ കമ്മിറ്റിയെ മൂന്നാം പ്രതിയാക്കിയുമാണ് കടക്കല്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ നല്‍കിയ പരാതിയില്‍ ആണ് കേസ്.

ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതിയും രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നുമാണ് വിശദീകരണം. അതേസമയം, ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ പറയുന്നു.

ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കാവിക്കൊടികള്‍ കെട്ടിയതില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയും പരാതി നല്‍കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ക്ഷേത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളോ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.