കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പുതിയ മേയര്‍ സിപിഐയില്‍ നിന്ന്

Update: 2025-02-10 13:18 GMT

കൊല്ലം: ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു രാജിപ്രഖ്യാപനം. മേയര്‍ പദവിയുടെ അവസാന വര്‍ഷം സിപിഐ പ്രതിനിധിക്ക് നല്‍കും. എല്‍ഡിഎഫിലെ മുന്‍ധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു.

എന്നാല്‍, ഭരണത്തില്‍ നാലുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പ്രസന്ന ഏണസ്റ്റ് രാജിക്ക് തയാറായിരുന്നില്ല. ഇതില്‍ നടപടി ഉണ്ടാകാതെ വന്നതോടെ കഴിഞ്ഞ 5ന് സിപിഐ പ്രതിനിധിയായ ഡപ്യൂട്ടി മേയര്‍ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജീവ് സോമന്‍, വിദ്യാഭ്യാസ സ്ഥാരം സമിതി അധ്യക്ഷ സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു. സിപിഐ അംഗങ്ങള്‍ രാജിവച്ചപ്പോള്‍ തന്നെ ഫെബ്രുവരി പത്തിന് താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി. പുതിയ മേയറെ തീരുമാനിക്കാന്‍ അടുത്ത ദിവസം സിപിഐ യോഗം ചേരും.