ഓപ്പറേഷന്‍ സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍

Update: 2025-05-31 12:47 GMT

ഗുഡ്ഗാവ്: ഓപ്പറേഷന്‍ സിന്ദൂറിന്റെ മറവില്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയായ ശര്‍മിഷ്ത പനോലി എന്ന യുവതിയെയാണ് ഗുഡ്ഗാവിലെ ഒളിത്താവളത്തില്‍ നിന്നും കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ഹിന്ദി സിനിമാതാരങ്ങള്‍ നിലപാട് പറഞ്ഞില്ലെന്ന് പറഞ്ഞ് തുടങ്ങിയ ശര്‍മിഷ്തയുടെ വീഡിയോ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും എതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാണ് അവസാനിച്ചത്.

സംഭവം ചര്‍ച്ചയായതോടെ യുവതി വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പപേക്ഷിച്ചു. അപ്പോഴേക്കും ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്ത പോലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെ ഹാജരാക്കാന്‍ കോടതി വാറന്‍ഡ് ഇറക്കുകയും ചെയ്തു. കേസെടുത്തതിനെ തുടര്‍ന്ന് പ്രതിയും കുടുംബവും ഒളിവില്‍ പോയി. ഗുഡ്ഗാവില്‍ ഒളിവില്‍ കഴിയവേയാണ് കൊല്‍ക്കത്ത പോലിസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.