മഴയ്ക്ക് മുന്നേ കാനകള്‍ വൃത്തിയാക്കാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടതില്ല: ഹൈക്കോടതി

Update: 2025-05-23 12:08 GMT

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകള്‍ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയന്‍സ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമര്‍ശിച്ചു. കോര്‍പ്പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നഗരത്തിലെ കാനകളില്‍ നിന്ന് ചെളി നീക്കംചെയ്യുന്ന ജോലികള്‍ 30 ശതമാനം മാത്രമാണ് പൂര്‍ത്തികരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മഴയ്ക്കിടയില്‍ എങ്ങനെ കാനകള്‍ വൃത്തിയാക്കുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ വെള്ളം അറബിക്കടലിലേക്ക് ഒഴുകുന്നതിന് പകരം പൊതുപണം ആരുടെയെങ്കിലും പോക്കറ്റിലേക്കായിരിക്കും ഒഴുകുകയെന്ന് കോടതി വിമര്‍ശിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.