വെസ്റ്റ്ബാങ്കില്‍ അധികാരം പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി ഇസ്രായേലി നെസറ്റ്; ഇനി ഫലസ്തീന്‍ രാഷ്ട്രമില്ലെന്നും പ്രഖ്യാപനം

Update: 2025-07-23 15:42 GMT

തെല്‍അവീവ്: വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന് പൂര്‍ണ അധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി ഇസ്രായേലി പാര്‍ലമെന്റായ നെസറ്റ്. ജോര്‍ദാന്‍ വാലിയിലും ഇസ്രായേലിന് ചരിത്രപരമായ അവകാശമുണ്ടെന്ന് പ്രമേയം പറയുന്നു. നെസറ്റിലെ 71 അംഗങ്ങളില്‍ 13 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടുചെയ്തത്. ചില പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ജൂതന്‍മാരുടെ ആത്മീയഭൂമിയുടെ ചരിത്രപരവും സാംസ്‌കാരികപരവുമായ ഭാഗമാണ് വെസ്റ്റ്ബാങ്കെന്നും ഇനി ഫലസ്തീന്‍ രാഷ്ട്രം അജണ്ടയില്‍ ഇല്ലെന്നും ജൂതന്‍മാര്‍ പ്രഖ്യാപിച്ചു.

വെസ്റ്റ്ബാങ്കില്‍ പൂര്‍ണമായും ഇസ്രായേലി അധികാരവും നിയമവും ഭരണവും സ്ഥാപിക്കാനും നെസറ്റ് തീരുമാനിച്ചു. ദൈവികപ്രവചനങ്ങള്‍ നടപ്പാവുകയാണെന്നും ലോകത്തെ ഇസ്രായേലിന്റെ സുഹൃത്തുക്കളെല്ലാം പിന്തുണയ്ക്കണമെന്നും പ്രമേയം പറയുന്നു.

1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ജോര്‍ദാനില്‍ നിന്നും പിടിച്ചെടുത്ത ജെറുസലേം ഒഴിച്ചുള്ള പ്രദേശങ്ങള്‍ താല്‍ക്കാലിക അധിനിവേശത്തിലാണെന്നാണ് ഇസ്രായേലി നിയമം പറയുന്നത്. ആ പ്രദേശങ്ങളുടെ നിയമപരമായ ഗവര്‍ണര്‍ ഇസ്രായേലി സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡാണ്.

1990കളില്‍ ഇസ്രായേലും പിഎല്‍ഒയും ഒപ്പിട്ട ഓസ്‌ലോ കരാറുകള്‍ പ്രകാരം ഈ പ്രദേശങ്ങലെ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഫലസ്തീനികള്‍ കൂടുതലുള്ള പ്രദേശങ്ങളെ എയെന്നാണ് വിളിക്കുന്നത്. അവയില്‍ ഫലസ്തീന്‍ അതോറിറ്റിക്കാണ് അധികാരം. ബി പ്രദേശങ്ങളിലെ ഭരണം ഫലസ്തീന്‍ അതോറിറ്റിക്കാണെങ്കില്‍ പോലിസ് നടപടിയിലെ അധികാരം ഇസ്രായേലിനാണ്. സി പ്രദേശങ്ങള്‍ ഇസ്രായേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. നിലവില്‍ അഞ്ചുലക്ഷം ജൂത കുടിയേറ്റക്കാരാണ് സി പ്രദേശങ്ങളില്‍ അതിക്രമിച്ചു കയറിയിരിക്കുന്നത്. അവയെ നിയമവിരുദ്ധ കുടിയേറ്റമായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.