എന്തിന് അറസ്റ്റ് ചെയ്‌തെന്ന് വ്യക്തമാക്കാന്‍ പോലിസിനായില്ല; കെ എം ഷാജഹാന് ജാമ്യം
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനെതിരെ അശ്ലീലപരമായ സൈബര്‍ ആക്രമണം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ എം ഷാജഹാന് ജാമ്യം. അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റകൃത്യം ചെയ്യരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ജാമ്യ ഉത്തരവിലുള്ളത്. ഷൈനിന്റെ പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്ക് അകം ഷാജഹാനെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന് സിജെഎം കോടതി പോലിസിനോട് ചോദിച്ചു. അറസ്റ്റ് ചെയ്യാനുള്ള ചെങ്ങമനാട് എസ്‌ഐയുടെ അധികാരം സംബന്ധിച്ചും കോടതി ചോദ്യങ്ങളുയര്‍ത്തി. അറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് എസ്‌ഐക്ക് ആരാണ് അധികാരം നല്‍കിയത്?. വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ചെങ്ങമനാട് എസ്‌ഐ എങ്ങനെ എറണാകുളത്ത് എത്തിയെന്നും കോടതി ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമാണ് ചെങ്ങമനാട് എസ്‌ഐ എന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പോലിസ് നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടില്‍ പരാമര്‍ശമുള്ള ലൈംഗിക ചുവയുള്ള വാക്കും അശ്ലീല പരാമര്‍ശവും എന്താണ് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് ആയില്ല. തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.