പിപിഇ കിറ്റിന് ക്ഷാമം നേരിട്ടപ്പോള്‍ കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നിട്ടുണ്ട്: കെ കെ ശൈലജ

Update: 2025-01-21 14:54 GMT

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ പൊതുഖജനാവിന് പത്തുകോടിയില്‍ അധികം രൂപ നഷ്ടമുണ്ടായെന്ന സിഎജി റിപോര്‍ട്ടിന് സര്‍ക്കാര്‍ മറുപടി നല്‍കുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. മഹാമാരി വന്നപ്പോള്‍ കിറ്റിന് ക്ഷാമം നേരിട്ടപ്പോള്‍ ഉയര്‍ന്ന ഗുണനിലവാരം നോക്കി അല്‍പ്പം കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടി വന്നു. നേരത്തെ പ്രതിപക്ഷം ഈ ആരോപണം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി നല്‍കിയിരുന്നു. ഇനി സര്‍ക്കാര്‍ സിഎജി റിപോര്‍ട്ടിന് മറുപടി നല്‍കിക്കൊള്ളും. ലോകായുക്തയുടെ മുമ്പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. പിപിഇ കിറ്റിന് ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങിനെയായിരുന്നു. ഒരു കമ്പനിയുടെ കൈയിലേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചത്. അത് കേരളത്തിലെ ജനങ്ങള്‍ മറന്നുപോവില്ലെന്നും കെ കെ ശൈലജ പറഞ്ഞു.