മൊബൈല്‍ നമ്പര്‍ ഉടമ അറിയാതെ വോട്ടുചേര്‍ക്കുന്നുവെന്ന് കെ കെ രാഗേഷ്; കണ്ണൂരിലെ 2.19 ലക്ഷം പുതിയ അപേക്ഷ ദുരൂഹം
കണ്ണൂര്‍: വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള നടപടിയില്‍ അസ്വാഭാവികവും ദുരൂഹവുമായ ഇടപെടല്‍ സംശയിക്കുന്നതായി സിപിഎം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വോട്ടുചേര്‍ക്കുന്ന രജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍, ഉടമ അറിയാതെ ഇതര സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ അടക്കം വോട്ടുചേര്‍ത്തതായി മനസ്സിലായെന്ന് തെളിവു സഹിതം കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ 204, 207 ബൂത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ഒടിപി നല്‍കി ചേര്‍ത്ത വോട്ട് വെരിഫൈ ചെയ്ത ഘട്ടത്തില്‍ അവര്‍ ചേര്‍ക്കാത്ത മൂന്നുവോട്ട് ചേര്‍ത്തതായി കണ്ടെത്തി. ഒരു നമ്പറില്‍ ആറുവോട്ടുകള്‍ വരെ ചേര്‍ക്കാം. ഇത്തരത്തില്‍ രണ്ടു ഫോണ്‍ നമ്പറിലാണ് മൂന്നുഇതര സംസ്ഥാന വോട്ടുകള്‍ കടന്നുകൂടിയതായി സ്റ്റാറ്റസില്‍ കണ്ടത്. ഫോം എട്ടുവഴി ചേര്‍ത്ത വോട്ടുകളാണിത്. കംലാലാനി ജെന ഒഡിഷ, പിങ്കി കുമാരി ബിഹാര്‍ ബഗുസരായി, കെ വാസന്തി തമിഴ്നാട് മാടാവരം എന്നീ വോട്ടുകളാണ് അനധികൃതമായി കടന്നുകയറിയത്.
ജില്ലയില്‍ ഇപ്പോള്‍ 2,19,239 പുതിയ വോട്ട് അപേക്ഷ വന്നിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടത്തോടെ വോട്ടര്‍ അപേക്ഷ ഉയരേണ്ടുന്ന സാഹചര്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ടപ്പോഴാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നത്. അപ്പോള്‍ ജില്ലയില്‍ മൊത്തം 90,083 വോട്ടുകള്‍ മാത്രമാണ് കൂടിയത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരവര്‍ഷം കഴിയുമ്പോഴേക്കും ജില്ലയില്‍ 2.19 ലക്ഷം പുതിയ വോട്ടര്‍ അപേക്ഷ ദുരൂഹമാണ്. ഇതില്‍ 99,790 വോട്ട് കൂട്ടിചേര്‍ത്തുകഴിഞ്ഞു. അസാധാരണമായ വോട്ടുചേര്‍ക്കല്‍ നടപടികളില്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കെ കെ രാഗേഷ് പറഞ്ഞു. വെരിഫിക്കേഷന്‍ നടത്തേണ്ട ബൂത്തു ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) ഇക്കാര്യത്തില്‍ വ്യക്തതയില്ല. വോട്ടര്‍ അപേക്ഷയില്‍ ബിഎല്‍ഒ തെളിവെടുക്കുന്ന സമയം രാഷ്ട്രീയ പാര്‍ടികളുടെ ഏജന്റുമാര്‍ക്ക് (ബിഎല്‍എ) വിവരം കൈമാറണം. അപ്പോഴാണ് ബിഎല്‍എമാര്‍ വോട്ടറാണോ അല്ലയോ എന്നതുസംബന്ധിച്ച് ഒബ്ജക്ഷന്‍ വരുന്നത്. എന്നാല്‍ ബിഎല്‍എമാര്‍ പ്രാദേശികമായ പരിശോധന നടത്തുന്‌പോള്‍ ഇത്രയധികം വോട്ട് അപേക്ഷ വന്നതായി കാണുന്നില്ല. നിസാര വോട്ടാണ് അപേക്ഷയായി വന്നത് എന്നാണ് ബിഎല്‍ഒമാരും പറയുന്നത്. ഇവരാരും അറിയാതെ കൂട്ടത്തോടെ അപേക്ഷ വരികയാണ്.
മൊബൈല്‍ ഫോണില്‍ ഒടിപി വഴിയാണ് വോട്ടുചേര്‍ക്കുന്നത്. സാധാരണ ഗതിയില്‍ ഇതില്‍ കൃത്രിമം നടക്കണമെങ്കില്‍ സെര്‍വര്‍ കൈകാര്യം ചെയ്യുന്നവര്‍ ഇടപെടണം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സെര്‍വര്‍ കൈകാര്യം ചെയ്യുന്നത്. അവര്‍ കൃത്രിമം കാട്ടിയെന്ന് ഇൗ ഘട്ടത്തില്‍ ആക്ഷേപം ഉന്നയിക്കുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ചില സൂചനകളുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഇടതുപക്ഷം ശക്തമായി മത്സരം നടത്തുന്ന മണ്ഡലങ്ങളിലാണ് കൂടുതല്‍ വോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചത്. അസാധാരണമായ ഇൗ ഇടപെടല്‍ ജില്ലാ, സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍മാര്‍ പരിശോധിക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ മറ്റു സ്ഥലങ്ങളില്‍ നിന്നോ ആള്‍ക്കാരെ കൊണ്ടുവന്ന് കൂട്ടത്തോടെ വോട്ടുചേര്‍ക്കാനുള്ള ശ്രമമാണോ നടന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കണമെന്ന് കെ കെ രാഗേഷ് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

