യുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്‍പ്പനങ്ങള്‍ പ്രതിഷേധം മറച്ചുപിടിക്കാന്‍- കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2025-06-22 11:34 GMT

കണ്ണൂര്‍: ധര്‍മടം കായലോട് പറമ്പായിയില്‍ ഭര്‍തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് നുണക്കഥ പ്രചരിപ്പിച്ച സിപിഎമ്മിനെതിരായ നാട്ടുകാരുടെ പ്രതിഷേധം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ജല്‍പ്പനങ്ങളെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. കെ കെ രാഗേഷ് വിഡ്ഢിത്തം വിളമ്പുന്നത് അവസാനിപ്പിക്കണം. പാര്‍ട്ടി അംഗങ്ങളായ യുവതിയുടെ മാതാപിതാക്കള്‍ക്ക് നീതി വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കേണ്ട സിപിഎം അതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. അസാന്മാര്‍ഗികതയ്ക്കു കൂട്ടുനില്‍ക്കുന്നത് ന്യായീകരിക്കാനാണ് സദാചാര വിചാരണയെന്ന വാദം ഉന്നയിക്കുന്നത്. ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും തൊഴിലാക്കിയ കൊലയാളി പാര്‍ട്ടിയുടെ നേതാവാണ് കെ കെ രാഗേഷ്. പാര്‍ട്ടി നേതാവിനെ ആക്ഷേപിച്ചെന്ന ആരോപണത്തില്‍ അരിയില്‍ ഷുക്കൂറിനെ പരസ്യവിചാരണ ചെയ്ത് സ്റ്റാലിനിസം നടപ്പാക്കിയത് കേരളം കണ്ടതാണ്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ ടി പി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തി സ്റ്റാലിനിസം നടപ്പാക്കിയ പാര്‍ട്ടിയുടെ നേതാവിന്റെ ചാരിത്ര്യ പ്രസംഗം പരിഹാസ്യമാണ്. രാഗേഷ് നിയമസംവിധാനത്തെ കുറിച്ചാണ് സംസാരിച്ചത്. അത് പാര്‍ട്ടിക്ക് ഇന്നും അന്യമാണ്.


Full View

സിപിഎമ്മിന്റെ നുണപ്രചാരണങ്ങള്‍ ഓരോന്നായി പൊളിഞ്ഞപ്പോള്‍ മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേര്‍ക്കുന്നത് അവസാന അടവാണ്. സംഘപരിവാര വാദഗതികള്‍ അതേപടി ഏറ്റെടുത്ത് ആവര്‍ത്തിക്കാന്‍ നടത്തുന്ന ശ്രമം അപഹാസ്യമാണ്. രാജ്യത്തെ കൊടിയ കെടുതിയിലാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാരത്തെ എസ്ഡിപിഐയുമായി സമീകരിക്കാന്‍ നടത്തുന്ന ശ്രമം അപകടകരമാണ്. ഈ നിലപാട് ആത്യന്തികമായി സിപിഎമ്മിന്റെ ഭാവിയെ തന്നെയാണ് തകര്‍ക്കുന്നത്. എസ്ഡിപിഐ സ്ത്രീ വിരുദ്ധമെന്ന രാഗേഷിന്റെ വാദം ശുദ്ധ അംസബന്ധമാണ്. കണ്ണൂര്‍ ജില്ലയിലെ 14 തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധികളില്‍ എട്ടുപേരും വനിതകളാണ്. എസ്ഡിപിഐ പാര്‍ട്ടി ഓഫീസിനു മുന്നിലൂടെ സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ മനസിലാക്കണ്ടേത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാടാണിത്. ആഭ്യന്തര ചുമതല വഹിക്കുന്ന പിണറായി വിജയന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയാണ് ചെയ്യേണ്ടത്.

മരണപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ബന്ധുക്കളും 'ആണ്‍ സുഹൃത്തും' ഇയാളുടെ സഹോദരനും കൂടാതെ വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും ചര്‍ച്ച ചെയ്യുന്നതിനെ രഹസ്യകേന്ദ്രത്തിലെ ആള്‍ക്കൂട്ട വിചാരണയെന്നോണം പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളോടൊപ്പം മഹല്ല് ഭാരവാഹിയും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുമെല്ലാമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 10 ലേറെ പേര്‍ നടത്തുന്ന തികച്ചും സ്വാഭാവികമായ ചര്‍ച്ചയെ വക്രീകരിച്ച് സദാചാര വിചാരണയാക്കി മാറ്റിയത് രാഷ്ട്രീയ പകപോക്കല്‍ മാത്രമല്ല, അധാര്‍മികവുമാണ്.

20 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയത് ജീവനൊടുക്കിയ യുവതിയുടെ മാതാവാണ്. എസ്ഡിപിഐയെ മതവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം ദുഷ്ടലാക്കാണ്. 2047ല്‍ മതരാഷ്ട്രം സൃഷ്ടിക്കുമെന്ന വാദം സംഘപരിവാരത്തിന്റേതാണ്. അത് അതേപടി ആവര്‍ത്തിക്കുന്ന രാഗേഷിന്റെ വാക്കുകള്‍ സിപിഎം അണിയറയില്‍ നടക്കുന്ന ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ പ്രകടനമാണ്. കെ കെ രാഗേഷ് വിടുവായത്തം അവസാനിപ്പിക്കാന്‍ തയ്യാറാവണം. സിപിഎമ്മിന്റെ ദുഷ്ടലാക്കും സംഭവത്തിന്റെ യഥാര്‍ഥ വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പൊതുപരിപാടി സംഘടിപ്പിക്കുമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ, ജില്ലാ സെക്രടറി പി സി ഷെഫീഖ്, ജില്ലാ കമ്മിറ്റിയംഗം റുബീന എന്നിവരും സംബന്ധിച്ചു.