ബംഗ്ലാദേശിലേക്ക് തള്ളിവിട്ട കുടുംബത്തെ തിരികെ കൊണ്ടുവരണം: കൊല്‍ക്കത്ത ഹൈക്കോടതി
എട്ടു മാസം ഗര്‍ഭിണിയായ സുനാലി ഖാത്തൂന്റെ കുടുംബത്തെയാണ് തിരികെ കൊണ്ടുവരേണ്ടത്
കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് തള്ളിവിട്ട മുസ്‌ലിം കുടുംബത്തെ തിരികെ കൊണ്ടുവരണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനാപരമായ സുരക്ഷാ നടപടി ക്രമങ്ങള്‍ അവഗണിച്ച് ധൃതിയിലാണ് സര്‍ക്കാരുകള്‍ നാടുകടത്തല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. എട്ടു മാസം ഗര്‍ഭിണിയായ സുനാലി ഖാത്തൂന്റെ കുടുംബത്തെയാണ് തിരികെ ഒരു മാസത്തിനകം തിരികെ കൊണ്ടുവരേണ്ടത്. സുനാലിയുടെ പിതാവ് ബോധു ശെയ്ഖ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേയ് രണ്ടിലെ നിര്‍ദ്ദേശപ്രകാരമാണ് 'ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഡ്രൈവ്' വഴി ഡല്‍ഹി പോലിസ് ഇവരെ വേട്ടയാടി നാടുകടത്തിയത്. ഡല്‍ഹിയിലെ രോഹിണിയില്‍ പാഴ്‌വസ്തുക്കള്‍ പെറുക്കി വില്‍ക്കുന്ന ജോലി ചെയ്ത് ജീവിച്ചിരുന്നവരാണ് ഇവരെല്ലാം. തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് സ്ഥാപിക്കുന്നതിനുള്ള ആധാര്‍ കാര്‍ഡുകളോ റേഷന്‍ കാര്‍ഡുകളോ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ മറ്റേതെങ്കിലും രേഖയോ ഹാജരാക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടതായും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.