'ഖാംനഈയുടെ രക്ത സാക്ഷിത്വം കൂടുതല്‍ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും': ഇറാന്‍ സുപ്രിം നാഷണല്‍ കൗണ്‍സില്‍

Update: 2026-03-01 04:43 GMT

തെഹ്‌റാന്‍: വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് അലി ഖാംനഈ സ്വര്‍ഗത്തിലേക്ക് യാത്രയായിരിക്കുന്നുവെന്ന് ഇറാന്‍ സുപ്രിം നാഷണല്‍ കൗണ്‍സില്‍. 'ഇസ്ലാമിക സമുദായത്തിന്റെ നേതാവും വഴികാട്ടിയുമായ ആയത്തുല്ല അലി ഖാംനഈ വിശുദ്ധ റമദാന്‍ മാസത്തില്‍ രക്തസാക്ഷിത്വത്തിന്റെ മധുരം നുകര്‍ന്ന് അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമായ സ്വര്‍ഗത്തിലേക്ക് യാത്രയായിരിക്കുന്നു. ഇമാം അലിയെപ്പോലെ ഒരു റമദാന്‍ മാസത്തിലാണ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചത്.

ഇറാന്‍ ജനതയും ഇസ്ലാമിക സമൂഹവും ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യദാഹികളും ക്രിമിനല്‍ അമേരിക്കയുടെയും ദുഷ്ടരായ സയണിസ്റ്റുകളുടെയും ക്രൂരമായ ആക്രമണങ്ങളില്‍ ഇന്ന് ദുഃഖിതരാണ്. എന്നാല്‍ രക്തദാഹികളായ ശത്രുക്കള്‍ ഒന്നറിയുക, ലോകത്തിലെ കരുത്തുള്ള ഹൃദയങ്ങള്‍ തങ്ങളുടെ പാത കണ്ടെത്തിക്കഴിഞ്ഞു. ഈ രക്തസാക്ഷിത്വം നമ്മുടെ രാഷ്ട്രത്തിനും ഇസ്ലാമിക സമൂഹങ്ങള്‍ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെങ്കിലും, അത് അവരെ കൂടുതല്‍ കരുത്തരും ദൃഢനിശ്ചയമുള്ളവരുമാക്കി മാറ്റും. ഖാംനഈയുടെ മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിലാണ് ഇങ്ങനെ പറയുന്നത്.

ആ മഹദ് വ്യക്തിത്വത്തിന്റെ രക്തസാക്ഷിത്വം ലോകത്തിലെ മര്‍ദകര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ വലിയൊരു ഉണര്‍വിന് തുടക്കം കുറിക്കും'- ഇറാന്‍ സുപ്രിം നാഷണല്‍ കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം അലി ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്നും കൊലയാളികളെ വെറുതെ വിടില്ലെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്( ഐആര്‍ജിസി) വ്യക്തമാക്കി. ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ദിവസം ഓഫീസുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.