വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് കേരള വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍

Update: 2025-04-24 13:29 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് കേരള വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്രസര്‍ക്കാര്‍ ചില മതങ്ങളെ തിരഞ്ഞെടുത്ത് നിയമങ്ങള്‍ കൊണ്ടുവരുകയാണെന്ന് ഹരജി പറയുന്നു.

''മതപരമായ ഉദ്ദേശ്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ മതങ്ങള്‍ക്കും നിയമങ്ങള്‍ ഇല്ല. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ചില മതങ്ങളെ തിരഞ്ഞെടുത്ത് അവരുടെ സ്വത്തുക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.'' -ഹരജി പറയുന്നു.

ഉപയോഗം വഴിയുള്ള വഖ്ഫ് ഒഴിവാക്കല്‍, വഖ്ഫ് ചെയ്യാന്‍ അഞ്ചുവര്‍ഷം ഇസ്‌ലാം ആചരിക്കണം, വഖ്ഫ് ബോര്‍ഡുകളില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട വഖ്ഫ് തര്‍ക്കങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കല്‍, മുസ്‌ലിംകള്‍ അല്ലാത്തവര്‍ വഖ്ഫ് സൃഷ്ടിക്കുന്നത് തടയല്‍ തുടങ്ങിയ വകുപ്പുകളെ ബോര്‍ഡ് ചോദ്യം ചെയ്യുന്നു.

ഒരു സ്വത്ത് വഖ്ഫ് ആണോ എന്ന് തീരുമാനിക്കാന്‍ വഖ്ഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന 1995ലെ നിയമത്തിലെ 40ാം വകുപ്പ് ഒഴിവാക്കിയതിനെയും ബോര്‍ഡ് ചോദ്യം ചെയ്യുന്നു. ഈ വകുപ്പ് പ്രകാരം വഖ്ഫ് ബോര്‍ഡുകള്‍ എടുത്ത നിരവധി തീരുമാനങ്ങള്‍ ഹൈക്കോടതികളും സുപ്രിം കോടതിയും ശരിവച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ക്ക് ഈ അധികാരം നല്‍കുന്നത് തര്‍ക്ക പരിഹാര പ്രക്രിയയെ ദീര്‍ഘവും സങ്കീര്‍ണ്ണവുമാക്കുകയും വഖ്ഫ് ഭൂമി നഷ്ടപ്പെടാനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഹരജി പറയുന്നു. വഖ്ഫ് സര്‍വേ കമ്മീഷണര്‍മാരുടെ അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കുന്നതിനെയും ഹരജി ചോദ്യം ചെയ്യുന്നു.

വഖ്ഫ് ഭേദഗതി ബില്ല് ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി കേരളം സന്ദര്‍ശിക്കുകയോ കേരളത്തിലെ പ്രധാനപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ല. ഇത് വിവേചനപരമായ നടപടിയാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ വഖ്ഫ് സ്വത്തുക്കളുടെ തരം മാറ്റരുതെന്ന് കഴിഞ്ഞ തവണ മറ്റുഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വഖ്ഫ് ബോര്‍ഡുകളൊന്നും ഹരജികളായി എത്തിയിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.