തിരുവനന്തപുരം: സ്വന്തമായൊരു സംസ്ഥാന സൂക്ഷ്മാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാന്‍ ഒരുങ്ങി കേരളം. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 2026 ജനുവരി 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കും.
മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സൂക്ഷ്മാണുക്കള്‍ വഹിക്കുന്ന അനിവാര്യ പങ്കിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്തുക, സൂക്ഷ്മാണുക്കളെ സംബന്ധിച്ച ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവും പ്രകൃതി അധിഷ്ഠിതവുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മജീവി വൈവിധ്യം സംരക്ഷിക്കുക, ലൈഫ് സയന്‍സ് രംഗത്തേക്ക് കൂടുതല്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സൂക്ഷമാണുവിനെ പ്രഖ്യാപിക്കാന്‍ കേരളം തയ്യാറെടുക്കുന്നത്.
ക്ലിനീഷ്യന്മാര്‍, ശാസ്ത്രജ്ഞര്‍, പ്രൊഫസര്‍മാര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ സമിതിയാണ് സംസ്ഥാന സൂക്ഷ്മാണുവിനെ തിരഞ്ഞെടുത്തത്. രോഗകാരിയല്ലാത്തതും, കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതും, വിവിധ മേഖലകളില്‍ പ്രയോഗയോഗ്യവും സാമ്പത്തിക മൂല്യമുള്ളതും, GRAS പദവി ലഭിച്ചതുമായ സൂക്ഷമാണുവിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. മനുഷ്യ, മൃഗ, ജല, സസ്യ, പരിസ്ഥിതി മേഖലകളിലെല്ലാം ഗുണകരമാകുന്ന ബാക്ടീരിയാണ് ഇത്.