ക്രൈസ്തവര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

Update: 2025-12-24 08:12 GMT

തിരുവനന്തപുരം: ക്രൈസ്തവരെയും ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും വര്‍ധിക്കുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു.

മതത്തിന്റെ പേരില്‍ അക്രമം പ്രചരിപ്പിക്കുന്നവര്‍ക്കും അസഹിഷ്ണുത വളര്‍ത്തുന്നവര്‍ക്കുമെതിരെ സര്‍ക്കാരുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനോ, ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍ വില്‍പ്പന നടത്തുന്നതിനോ സാധിക്കാത്ത സാഹചര്യമാണ് ഡല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് നടന്നുവരുന്നത്. ഇതൊരു മതേതര രാജ്യത്തിന് അനുഗുണമല്ല. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും അക്രമകാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അഡ്വ. എ എ റഷീദ് ആവശ്യപ്പെട്ടു.