തിരുവനന്തപുരം: മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്. സംസ്ഥാനത്തെ 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9നു മന്ത്രി വി ശിവന്‍കുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും.
ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടുതല്‍ പഠനസമയമാണ് ഈ വര്‍ഷത്തെ പുതിയമാറ്റം. അധികക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്‌കൂളിന് ആറും ശനിയാഴ്ച പ്രവൃത്തിദിനമാകും. ഇനിമുതല്‍ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂര്‍ ഉച്ചഭക്ഷണസമയത്തില്‍നിന്ന് അഞ്ചുമിനിറ്റെടുത്ത് ഉച്ചയ്ക്കുശേഷമുള്ള ഇടവേള കൂട്ടാനാണ് തീരുമാനം. ഇതോടെ, രാവിലെയും വൈകീട്ടും പത്തുമിനിറ്റുവീതം ഇടവേളയുണ്ടാവും.
ഈ അധ്യയനവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ സബ്ജക്ട് മിനിമം നടപ്പാക്കും. മിനിമം മാര്‍ക്ക് വാങ്ങാത്ത കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നല്‍കി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത് ഗൗരവത്തിലെടുത്തിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.